കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ കണ്ടെത്തി
text_fieldsഗാസിയാബാദ്: കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അതിക്രൂര സംഭവം നടന്നത്.
ഗാസിയാബാദ് കമീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൽ കുവാൻ ചോക്കിക്ക് സമീപമാണ് യുവതിയെ അർധനഗ്നയായി കണ്ടെത്തിയത്. കീറിയ വസ്ത്രം ധരിച്ച നിലയിൽ തെരുവിൽ ഇരിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായെന്ന് യുവതി പറഞ്ഞത്. ഇതേതുടർന്ന് യുവതിയുടെ വൈദ്യപരിശോധന നടത്തിയ പൊലീസ്, കേസ് രജിസ്റ്റർ ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നന്ദിഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അർധരാത്രിയോടെ യുവതിയെ ലാൽ കുവാൻ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
മാനസികനിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവിൽ കണ്ടതെന്ന് സർക്കിൾ എ.സി.പി പൂനം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എ.സി.പി അറിയിച്ചു.
അതേസമയം, യുവതിയുടെ വിഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

