Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയുടെ വനിത ബ്രിഗേഡ്;...

മമതയുടെ വനിത ബ്രിഗേഡ്; നാലാം തവണയും അങ്കത്തിനൊരുങ്ങുമ്പോൾ തൃണമൂലിന്റെ കരുത്ത്

text_fields
bookmark_border
മമതയുടെ വനിത ബ്രിഗേഡ്; നാലാം തവണയും അങ്കത്തിനൊരുങ്ങുമ്പോൾ തൃണമൂലിന്റെ കരുത്ത്
cancel

കൊൽക്കത്ത: സാധാരണ കോട്ടൺ സാരി, പരുക്കൻ മുടിയിൽ ഒരു ബണ്ണ് ചുറ്റിയിട്ടുണ്ടാകും. ആർഭാടങ്ങളൊന്നുമില്ലാത്ത ചെരിപ്പ്. ഒറ്റനോട്ടത്തിൽ കണ്ടാൽ ദുർബലയായ ഒരു നേതാവ്. എന്നാൽ, സത്യത്തിന്റെ മുഖം മറ്റൊന്നായിരുന്നു. ശക്തരായ നിരവധി എതിരാളികളെ പരാജയപ്പെടുത്തി മുന്നേറുന്ന രാജ്യത്തെ തന്നെ ഏറ്റവും കരുത്തയായ നേതാവ്. 71കാരിയായ തളരാത്ത പോരാളി, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ മമത ബാനർജി. രാജ്യത്തെ രണ്ട് വനിത മുഖ്യമന്ത്രിമാരിൽ ഒരാൾ, പാർട്ടിയിലും സർക്കാരിലും സമ്പൂർണ ആധിപത്യം. കന്യാശ്രീ പ്രകൽപ, ലക്ഷ്മിർ ഭണ്ഡാർ, സ്വാസ്ത്യ സതി തുടങ്ങിയ സ്ത്രീകൾക്ക് പ്രഥമ പരിഗണന നൽകുന്ന പദ്ധതികളിലൂടെ പശ്ചിമ ബംഗാളിന്റെ കരുതലുള്ള ‘ദീദി’(മൂത്ത സഹോദരി)യും സ്നേഹനിധിയായ മേയേകേയി (മകൾ)യുമായി മാറിയ മമത ബാനർജി. പാർട്ടിക്കുള്ളിൽ, ബൂത്ത് തലം മുതൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ വരെ ശക്തമായ വനിതാ നേതാക്കളുടെ ഒരു ശൃംഖല അവർക്കുണ്ട്. സിംഗൂരായാലും നന്ദിഗ്രാമായാലും ടി.എം.സിയുടെ പ്രധാന പ്രക്ഷോഭങ്ങളില്ലെല്ലാം സ്ത്രീകളാണ് മുൻപന്തിയിൽ.

വനിത വോട്ട് ബാങ്ക് ​മാത്രമല്ല, ഒപ്പം അണിനിരക്കുന്ന വനിത ബ്രിഗേഡാണ് നാലാം തവണയും അധികാരം തേടുന്ന മമതാ ബാനർജിയുടെ കരുത്ത്. തെരഞ്ഞെടുപ്പുകളിൽ 40ശതമാനം വരെ ടിക്കറ്റുകൾ സ്‍ത്രീകൾക്ക്. മറ്റു സംസ്ഥാനങ്ങളെയും പാർട്ടികളെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന ശതമാനം. സ്വന്തം പാർട്ടിയിലും സർക്കാരിലും പൂർണ്ണ നിയന്ത്രണമുള്ള രാജ്യത്തെ ഏക വനിതാ നേതാവായ മമത നാലാം തവണയും അധികാരത്തിൽ വരാൻ ശ്രമിക്കുമ്പോൾ കൊൽക്കത്തയിലെ തെരുവുകൾ മുതൽ ഡൽഹിയിലെ അധികാര ഇടനാഴികൾ വരെ വനിതാ നേതാക്കളുടെ ഒരു പ്രധാന സംഘം തൃണമൂലിന്റെ കരുത്തായി കാണാം.

ചന്ദ്രിമ ഭട്ടാചാര്യ

ടി.എം.സി വക്താവും വനിതാ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ 70കാരി ചന്ദ്രിമ ഭട്ടാചാര്യ. മുഖ്യമന്ത്രിയുടെ വനിതാ ബ്രിഗേഡിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാൾ. മമത സർക്കാരിൽ സഹമന്ത്രി എന്ന നിലയിൽ ധനകാര്യം (സ്വതന്ത്ര ചുമതല), ആരോഗ്യം, കുടുംബക്ഷേമം, ഭൂപരിഷ്കരണം, അഭയാർഥി, പുനരധിവാസം തുടങ്ങി വിവിധ വകുപ്പുകൾ വഹിക്കുന്നു. മമതയുമായി ആദ്യകാല അനുയായികളിൽ ഒരാളല്ല ഭട്ടാചാര്യ. തൃണമൂൽ രൂപീകരിച്ചപ്പോൾ അവർ കോൺഗ്രസിൽ തന്നെ തുടർന്നു. 2009ൽ, ബംഗാളിൽ സി.പി.എമ്മിനെ പുറത്താക്കാൻ മമതക്ക് കഴിഞ്ഞ സിംഗൂർ, നന്ദിഗ്രാം പ്രസ്ഥാനങ്ങൾക്കിടെയാണ് ഭട്ടാചാര്യ മമതയുമായി കൂടുതൽ അടുക്കുന്നതും തൃണമൂലിൽ ചേരുന്നതും.

അഭിഭാഷകയായ ഭട്ടാചാര്യ 2011ൽ ഡം ഡം ഉത്തറിൽ നിന്ന് മത്സരിച്ച് എം.എൽ.എയായതിന് ശേഷം കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. 2016ൽ ഭട്ടാചാര്യ സി.പി.എമ്മിന്റെ തന്മയ് ഭട്ടാചാര്യയോട് ആ സീറ്റിൽ നിന്ന് പരാജയപ്പെട്ടു. പിന്നീട് 2017ലെ ഉപതിരഞ്ഞെടുപ്പിൽ ദക്ഷിണ കാന്തിയിൽ നിന്ന് ഭട്ടാചാര്യയെ മമത മത്സരിപ്പിച്ചു. വിജയിച്ചപ്പോൾ മമത അവരെ സഹമന്ത്രിയായി നിയമിച്ചു.

ശശി പഞ്ച

ഡോക്ടറായ ശശി പഞ്ച. വയസ്സ് 63. കോൺഗ്രസിൽ വിട്ട് മമതയുമായി ചേർന്ന് ടി.എം.സി സ്ഥാപിച്ച മുൻ കേന്ദ്രമന്ത്രി അജിത് പഞ്ചയുടെ മരുമകൾ. 2011ൽ തൃണമൂൽ ആദ്യമായി സർക്കാർ രൂപീകരിച്ചപ്പോൾ ശ്യാംപുകൂറിൽ നിന്നുള്ള എം.എൽ.എയായ ശശി പഞ്ചയെ ആദ്യം പരിഗണിച്ചിരുന്നില്ല. എന്നാൽ 2013ൽ പഞ്ചക്ക് വനിതാ ശിശു വികസന വകുപ്പിന്റെ ചുമതല നൽകി. മമതയുടെ പ്രിയപ്പെട്ട കന്യാശ്രീ പദ്ധതി നയിച്ചത് പഞ്ചയായിരുന്നു. നിലവിലെ സർക്കാരിൽ പഞ്ച വ്യവസായ, വാണിജ്യ, സംരംഭക വകുപ്പുകളുടെ മന്ത്രിയാണ്. കൂടാതെ വനിതാ ശിശു വികസന, സാമൂഹിക ക്ഷേമ വകുപ്പിന്റെ ചുമതലയും വഹിക്കുന്നു. ഇംഗ്ലീഷിലും ബംഗാളിയിലും പഞ്ചക്കുള്ള കഴിവുകൊണ്ട് ടി.എം.സിയുടെ ഉന്നത വക്താക്കളിൽ ഒരാളാകാൻ പഞ്ചക്ക് കഴിഞ്ഞു. ശ്യാംപുകൂറിൽ നിന്ന് വീണ്ടും ജനവിധി തേടുന്നുണ്ട് പഞ്ച.

കകോലി ഘോഷ് ദസ്തിദാർ

ബരാസത്തിൽ നിന്നുള്ള എം.പിയായ 66കാരി കകോലി ഘോഷ് ദസ്തിദാർ, ഡോക്ടർ. രാഷ്ട്രീയ കുടുംബ പശ്ചാത്തലമുള്ള വ്യക്തി. ദസ്തിദാറിന്റെ മാതൃപിതാവ് പശ്ചിമ ബംഗാളിലെ പോസ്റ്റ് മാസ്റ്റർ ജനറലായിരുന്നു. പിതൃപിതാവ് അരുൺ മൊയ്ത്ര സംസ്ഥാന കോൺഗ്രസിന്റെ തലവനായിരുന്നു. മാതൃപിതാവ് ഗുരുദാസ് ദാസ്ഗുപ്ത ഒരു എം.പിയും അറിയപ്പെടുന്ന സിപിഐ മുഖവുമായിരുന്നു.

മമതയുമായി ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളാണ് ദസ്തിദാർ. 1998 ൽ ടി.എം.സി രൂപീകരിക്കുന്നതിൽ മമതക്കൊപ്പം പങ്കാളിയായി. നാല് തവണ എം.പിയായ ദസ്തിദാറിനെതിരെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. നാരദ കേസിൽ അവരുടെ പേര് ഉയർന്നുവന്നു. പാർക്ക് സ്ട്രീറ്റ് ലൈംഗികാതിക്രമ കേസിലെ പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ഡോള സെൻ

രാജ്യസഭാംഗമായ 59 കാരി ഡോള സെൻ. പൊതുരംഗത്ത് സജീവം. കനോറിയ ജൂട്ട് മില്ലിലെ ട്രേഡ് യൂണിയൻ നേതാവായാണ് സെൻ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. നക്സൽ അനുഭാവമുള്ളയാളായിരുന്നു അവർ. സിംഗൂർ, നന്ദിഗ്രാം പ്രസ്ഥാനങ്ങളുടെ കാലത്ത് മമതയുമായി ഈ ബന്ധം അടുപ്പിച്ചു. പിന്നീട് ടി.എം.സിയിൽ ചേർന്നു. 2020 മുതൽ ഇന്ത്യൻ നാഷണൽ തൃണമൂൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ കേന്ദ്ര പ്രസിഡന്റാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നുള്ള മുഖ്യ എതിരാളിയായ സുവേന്ദു അധികാരിയുമായി മമതക്ക് അഭിമാന പോരാട്ടം നേരിടേണ്ടി വന്നപ്പോൾ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചത് സെന്നായിരുന്നു. മമത പരാജയപ്പെട്ടെങ്കിലും സെന്നിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസൻസോളിൽ നിന്ന് മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട് തൃണമൂൽ സെന്നിനെ രാജ്യസഭയിലേക്ക് അയച്ചു.

ബീർബഹ ഹൻസ്ദ

സിനിമാ മേഖലയിൽ പരിചിതമായ മുഖമായ 43കാരി. രാഷ്ട്രീയ കുടുംബ പശ്ചാത്തലം. മാതാപിതാക്കൾ മുൻ എം.എൽ.എമാർ. മുനിസിപ്പൽ, അസംബ്ലി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി മൂന്ന് തിരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷം 2021ൽ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മമത ഹൻസ്ദയെ വനം വകുപ്പിന്റെ സഹമന്ത്രിയായി നിയമിച്ചു. ഹൻസ്ദയുടെ സിനിമാ ജീവിതവും വിജയമായിരുന്നു. അറിയപ്പെടുന്ന 19ഓളം ചിത്രങ്ങൾ, അവാർഡുകൾ. ബിൻപൂരിൽ നിന്ന് ഹൻസ്ദ വീണ്ടും മത്സരിക്കുന്നു.

ലത ബാനർജി

തൃണമൂലിന്റെ മറ്റൊരു മുഖമായ അഭിഷേക് ബാനർജിയുടെ അമ്മ. മമതയുടെ വിശ്വസ്തയായ ‘ബൗഡി’. മമതയുടെ സഹോദരൻ അമിതിന്റെ ഭാര്യ. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലം മുതൽ മുഖ്യമന്ത്രിയായതുവരെയുള്ള മമതയുടെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ലത സ്ഥിരം സാന്നിധ്യമായിരുന്നു. അടുത്തിടെ മമതയോടൊപ്പം ലതയും വിദേശ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.

ബംഗാളിലെ സ്കൂൾ ജോലി കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ലതയെയും ഭർത്താവ് അമിതിനെയും ഉൾപ്പെടെയുള്ളവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ നിരീക്ഷണത്തിലുള്ള ലീപ്‌സ് ആൻഡ് ബൗണ്ട്‌സ് എന്ന കമ്പനിയിൽ ഡയറക്ടർമാരാണ് ഈ ദമ്പതികൾ.

കൃഷ്ണ ചക്രവർത്തി

1984ലെ കോളജ് കാലം മുതൽ നാല് പതിറ്റാണ്ടോളമായി മമതയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ്. ജാദവ്പൂരിൽ നിന്ന് സി.പി.എം ഭാരവാഹിയായ സോമനാഥ് ചാറ്റർജിക്കെതിരെ ലോക്‌സഭാ സ്ഥാനാർഥിയായി കോൺഗ്രസ് മമതയെ നിർത്തിയപ്പോൾ, എല്ലാ പ്രചാരണ പരിപാടികളിലും സജീവമായിരുന്നു കൃഷ്ണ ചക്രവർത്തി. മമത വിജയിച്ച് ഡൽഹിയിലേക്ക് മാറിയപ്പോൾ ചക്രവർത്തിയും താമസം മാറ്റി. അഞ്ച് വർഷം അവരോടൊപ്പം താമസിച്ചു.

1998ൽ മമത തൃണമൂൽ രൂപീകരിച്ചപ്പോൾ കൃഷ്ണ ചക്രവർത്തി ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ വൈസ് ചെയർപേഴ്‌സണും ബിധാൻനഗർ മുനിസിപ്പൽ കോർപ്പറേഷൻ ചെയർപേഴ്‌സണുമാണ്. രാഷ്ട്രീയ റാലികളിൽ മമതക്കൊപ്പം സജീവം. കൃഷ്ണ ചക്രവർത്തിയുടെ ഭർത്താവ് സമീർ ഹൂഗ്ലി ജില്ലയിലെ പാണ്ഡുവയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ്.

മഹുവ മൊയ്ത്ര

മമതയുടെ ഡൽഹിയിലെ ശബ്ദമായ 51 കാരി മഹുവ മൊയ്ത്ര. വിദേശത്ത് ജോലി ചെയ്തിരുന്ന മൊയ്ത്രയെ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിലേക്ക് കൊണ്ടുവന്നത്. പക്ഷേ പെട്ടെന്ന് തന്നെ അവർ തൃണമൂൽ കോൺഗ്രസിലേക്ക് മാറി. 2016ൽ നാദിയയിലെ കരിംപൂരിൽ നിന്ന് വിജയിച്ച് എം.എൽ.എയായി. 2019 ൽ കൃഷ്ണനഗർ ലോക്സഭാ സീറ്റിൽ നിന്ന് അവരെ മത്സരിപ്പിച്ചു, വിജയിച്ചു. പാർലമെന്റിൽ ഫാഷിസത്തിനെതിരായ ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തി. ​ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള സഭയിൽ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദങ്ങളിലൊന്നായി തുടരുന്നു. പൗരത്വ ഭേദഗതി നിയമം പോലുള്ള വിഷയങ്ങളിൽ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. 2023 ഡിസംബർ 8ന് ‘ക്യാഷ് ഫോർ ക്വയറി’ കേസിൽ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കി. 2024ൽ തൃണമൂൽ വീണ്ടും കൃഷ്ണനഗറിൽ നിന്ന് മത്സരിപ്പിക്കുകയും എം.പിയായി തിരിച്ചെത്തുകയും ചെയ്തു.

സാഗരിക ഘോഷ്, മേനക ഗുരുസ്വാമി

ഡൽഹിയിൽ തൃണമൂലിന്റെ ഉയർന്നുവരുന്ന മുഖങ്ങൾ, രാജ്യസഭാംഗങ്ങൾ. ഇന്ത്യൻ പത്ര പ്രവർത്തക, വാർത്താ അവതാരക, കോളമിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ് സാഗരിക ഘോഷ്. 2024ലാണ് സാഗരിക ഘോഷ് തൃണമൂൽകോൺഗ്രസിൽ ചേരുന്നത്. അതേ വർഷം തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്ക​പ്പെടുകയും ചെയ്തു.

പ്രമുഖ സുപ്രീം കോടതി അഭിഭാഷകയാണ് മേനക ഗുരുസ്വാമി. വിദ്യാഭ്യാസ അവകാശ കേസ്, ഉദ്യോഗസ്ഥ പരിഷ്കാര കേസ്, സാൽവാ ജുദും കേസ്, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വി.വി.ഐ.പി ചോപ്പർ അഴിമതി കേസ് തുടങ്ങിയ പ്രമുഖ കേസുകൾ കൈകാര്യം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool Congresssagarika ghoseMahua MoitraBengal Assembly Electionwomen politicians
News Summary - The woman brigade in Mamatas army as she seeks a fourth term in Bengal
Next Story