മാലേഗാവ് സ്ഫോടന കേസിൽ വിധി ഇന്ന്; പ്രജ്ഞ സിങ് ഠാകുർ, റിട്ട. ലെഫ് കേണൽ പ്രസാദ് പുരോഹിത് അടക്കമുള്ളവർ പ്രതികൾ
text_fieldsമുംബൈ: മുൻ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുർ, റിട്ട. ലെഫ് കേണൽ പ്രസാദ് പുരോഹിത് അടക്കം സന്യാസിമാരും സൈനികരും പ്രതികളായ 2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രത്യേക എൻ.ഐ.എ കോടതി വ്യാഴാഴ്ച വിധി പറയും. പ്രതികൾക്കെതിരെ യു.എ.പി.എ ഉൾപ്പെടെ ചുമത്തിയിരുന്നു.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡാണ് ആദ്യം കേസന്വേഷിച്ച് മകോക നിയമം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പിച്ചതിനു ശേഷം കേസ് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. പിന്നാലെ എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും എ.ടി.എസ് കണ്ടെത്തിയ നിർണായക തെളിവുകൾ പലതും കാണാതായി.
വിധി പ്രഖ്യാപനത്തിലെത്തിയപ്പോൾ വിചാരണ കേട്ട അഡീഷനൽ സെഷൻസ് ജഡ്ജി എ.കെ. ലാഹോട്ടിയെ നാസികിലേക്ക് മാറ്റിയത് വിവാദമായിരുന്നു. സ്ഫോടന ഇരകളുടെ ഹരജിയിൽ ബോംബെ ഹൈകോടതി മാലേഗാവ് കേസിൽ ജഡ്ജിയുടെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.
റിട്ട. മേജർ രമേശ് പാധ്യായ്, അജയ് റാഹീക്കർ, സമീർ കുൽകർണി, സുധാകർ ചതുർവേദി, സുധാകർ ദ്വിവേദി എന്നിവരാണ് മറ്റു പ്രതികൾ. 323 സാക്ഷികളിൽ 34 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു. 10 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. എൻ.ഐ.എ ഇതിൽ മൂന്നുപേരെ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

