മഥുര പള്ളി: സംഘ്പരിവാർ അവകാശവാദമുന്നയിച്ച മൂന്നാം പള്ളി
text_fieldsന്യൂഡൽഹി: ഫൈസാബാദിൽ രാമജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് ബാബരി മസ്ജിദ് തകർത്ത തീവ്ര ഹിന്ദുത്വവാദികൾ അതിനു പിന്നാലെ അവകാശവാദം ഉന്നയിച്ചവയാണ് മഥുരയിലെയും കാശിയിലെയും പള്ളികൾ.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയും പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും കീഴ്കോടതികൾ വെറുതെ വിടുകയും ചെയ്തിരുന്നു. ബാബരി പള്ളി തകർത്ത ഭൂമിയിൽ രാമക്ഷേത്രനിർമാണത്തിനുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിപ്രസ്താവന എഴുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അതിനു ശേഷമിപ്പോൾ ജലധാര ശിവലിംഗം ആണെന്ന ഹിന്ദുത്വ അവകാശവാദം മുഖവിലക്കെടുത്ത് വാരാണസി പള്ളിയിലെ വുദുഖാന അടച്ചിട്ട് സേനയുടെ സംരക്ഷണത്തിലാക്കിയത്.
വാരാണസിയിൽ വുദുഖാനക്കു പുറമെ പള്ളി മുഴുവനായും ആരാധനക്ക് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന സംഘ്പരിവാർ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.