മീഡിയാവൺ വിലക്കിനെതിരായ ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റി
text_fieldsന്യൂഡൽഹി: മീഡിയാവൺ ചാനലിന്‍റെ സംപ്രേഷണ വിലക്കിനെതിരെ സമർപ്പിച്ച ഹരജി കേൾക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. വിർച്വൽ കോടതിക്ക് പകരം തുറന്ന കോടതിയിൽ തന്നെ മീഡിയാ വൺ കേസ് കേൾക്കണമെന്ന് 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി'ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിച്ചാണ് ആദ്യം വെള്ളിയാഴ്ച കേൾക്കാമെന്ന് പറഞ്ഞ കേസ് ചീഫ് ജസ്റ്റിസ് എൻ.വി രമണ അത് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
അടുത്ത തിങ്കളാഴ്ച കേസ് പരിഗണിച്ചാൽ മതിയോ എന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചപ്പോൾ പറ്റില്ലെന്നും 350ാളം തൊഴിലാളികളുശട തൊഴിലിന്‍റെ കൂടി പ്രശ്നമാണെന്നും ചാനൽ മുടങ്ങിക്കിടക്കുയാണെന്നും ദവെ ബോധിപ്പിച്ചു. എത്രയും പെട്ടെന്ന് കേസ് പരിഗണിക്കണമെന്നും ഇന്ന് (ചൊവ്വാഴ്ച) വാദിക്കണമെങ്കിൽ അതിനും തങ്ങൾ തയാറാണെന്നും ദവെ വ്യക്തമാക്കി.
ഹരജി അടിയന്തിരമായി പരിഗണിക്കാൻ രണ്ട് തവണയാണ് സുപ്രീംകോടതിയിൽ തിങ്കളാഴ്ച മീഡിയാവൺ കേസ് ദവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ പരാമർശിച്ചത്. ആദ്യത്തെ തവണ പരാമർശിച്ചപ്പോൾ അത്യധികം ഗൗവരമേറിയ കേസാണിതെന്ന് ദവെ ബോധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചില രഹസ്യ ഫയലുകളുടെ പേരിലാണ് 11 വർഷമായി പ്രവർത്തിക്കുന്ന 350 ജീവനക്കാരും ദശ ലക്ഷക്കണക്കിന് പ്രേക്ഷകരുമുള്ള മീഡിയാവൺ ചാനൽ തടഞ്ഞതെന്നും ഹൈകോടതിയുടെ സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും പിന്നാമ്പുറത്തു കൂടെ അത് ശരിവെച്ചുവെന്നും ദുഷ്യന്ത് ദവെ ബോധിപ്പിച്ചു.
അറിയാനുള്ള അവകാശത്തിന്‍റെയും മാധ്യമസ്വാതന്ത്ര്യത്തിന്‍റെയും പ്രശ്നമാണിതെന്നും ദവെ വാദിച്ചു. അതേ തുടർന്നാണ് വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചത്. പിന്നീട് നേരിട്ടുള്ള കോടതിയിലേക്കാനായി വീണ്ടും പരാമർശിച്ചപ്പോൾ ദവെയുടെ ആ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ദുഷ്യന്ത് ദവെക്ക് പുറമെ മുൻ അറ്റോർണി ജനറലുമായ മുകുൽ രോഹത്ഗിയും സുപ്രീംകോടതിയിൽ മീഡിയാവണിന് വേണ്ടി ഹാജരാകുമെന്ന് അഡ്വ. ഹാരിസ് ബീരാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

