ഭർത്താവിന്‍റെ ഓഫിസ് ജോലിക്കും ഭാര്യ ചെയ്യുന്ന വീട്ടുജോലിക്കും ഒരേ മൂല്യമാണെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്ക് പുരുഷൻ ചെയ്യുന്ന ഓഫീസ് ജോലിയേക്കാൾ ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രിം കോടതി. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല അല്ലെങ്കിൽ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
2014ൽ ഡൽഹിയിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
മരിച്ച ദമ്പതികളിൽ ഭാര്യ വീട്ടമ്മയായിരുന്നു. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അന്ന് നിശ്ചയിച്ച ട്രൈബ്യൂണൽ ഇൻഷൂറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേസിലെ അപ്പീൽ പരിഗണിച്ച ഡൽഹി കൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കി. എന്നാൽ, 33.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി ഇൻഷൂറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു. ഈ തുകക്ക് മെയ് 2014 മുതലുള്ള 9 ശതമാനം പലിശയും കുടുംബത്തിനു നൽകണം.
2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് വീട്ടുജോലി ചെയ്യുന്നത്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയിൽ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാർ ഒരു ദിവസം ചെലഴിക്കുന്നത് 97 മിനിട്ടാണ്. വീടുകളിലെ ആളുകളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി 134 മിനിറ്റാണ് ഒരു ദിവസം സ്ത്രീ ചെലവഴിക്കുന്നത്. പുരുഷന്മാർ ഇക്കാര്യത്തിൽ 76 മിനിട്ട് ചെലവഴിക്കുന്നുണ്ട്. ഒരു സ്ത്രീ ഒരു ദിവസം വീട്ടുജോലിക്കായി 16.9 ശതമാനം സമയവും ശുശ്രൂഷയ്ക്കായി 2.6 ശതമാനം സമയവും ചെലവഴിക്കുമ്പോൾ പുരുഷന്മാർ യഥാക്രമം 1.7, 0.8 ശതമാനവുമാണ് ദിവസേന ചെലഴിക്കുന്നതെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

