സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; ജസ്റ്റിസ് എം.ആർ ഷാ കേസിൽ നിന്ന് പിന്മാറില്ല
text_fieldsന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണ കേസിൽ ഗുജറാത്ത് ഹൈകോടതി ജഡ്ജിയായിരിക്കേ തനിക്കെതിരായ നിലപാടെടുത്ത ജസ്റ്റിസ് എം.ആർ ഷാ സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് പിന്മാറണമെന്ന മുൻ ഗുജറാത്ത് ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ മാസം 15ന് വിരമിക്കുന്ന ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് തന്നെ ആണ് സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളിയത്.
ജസ്റ്റിസ് ഷായെ കൂടാതെ ബെഞ്ചിലുള്ള മലയാളിയായ ജസ്റ്റിസ് സി.ടി രവികുമാറും ചേർന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‍ലിൻ കേസിൽ നിന്ന് ജസ്റ്റിസ് രവികുമാർ പിന്മാറിയ കാര്യം ഭട്ടിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസ് എം.ആർ ഷാ ഗുജറാത്ത് ഹൈകോടതി ജഡ്ജിയായിരിക്കേ ഇതേ കേസിൽ സഞ്ജീവ് ഭട്ടിനെതിരായ വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അത് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിൽ നിന്ന് പിന്മാറണമെന്ന് മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ബോധിപ്പിച്ചിരുന്നു.
ജഡ്ജിക്ക് യഥാർഥത്തിൽ പക്ഷപാതമുണ്ടോ എന്നല്ല, പക്ഷപാതമുണ്ടായേക്കുമോ എന്ന തോന്നൽ ഹരജിക്കാരനിലുണ്ടാകുമോ എന്നതാണ് വിഷയമെന്നും കാമത്ത് വ്യക്തമാക്കി. നീതി ചെയ്താൽ പോരെന്നും ചെയ്തതായി തോന്നണമെന്നും അതിനാൽ ജസ്റ്റിസ് എം.ആർ ഷാ ഈ കേസ് കേൾക്കരുതെന്നാണ് കോടതിയുടെ ഔചിത്യബോധം ആഗ്രഹിക്കുന്നതെന്നും കാമത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

