സ്ഥാനക്കയറ്റ സംവരണത്തിന് മാനദണ്ഡം തയാറാക്കേണ്ടത് സർക്കാറെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവർക്ക് ഉദ്യോഗത്തിലെ പ്രമോഷൻ ക്വോട്ട നിർണയിക്കുന്നതിനുള്ള മാനദണ്ഡം സർക്കാറുകൾ തയാറാക്കണമെന്ന് സുപ്രീംകോടതി. പട്ടിക വിഭാഗ പ്രാതിനിധ്യത്തിലെ പോരായ്മ നിർണയിക്കുന്നതിന് ഏതെങ്കിലും മാനദണ്ഡം കോടതിക്ക് മുന്നോട്ടുവെക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവർ വ്യക്തമാക്കി.
സർക്കാർ സർവിസിലെ പ്രമോഷനിൽ പട്ടിക വിഭാഗ സംവരണം നടപ്പാക്കുന്നതിലുള്ള അവ്യക്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടക്കം നൽകിയ ഒരു കൂട്ടം അപേക്ഷകളിലാണ് സുപ്രീംകോടതി വിധി. അവ്യക്തതകൾ മൂലം നിരവധി പ്രമോഷൻ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
പ്രമോഷനിൽ സംവരണത്തിനുള്ള അർഹത കോടതി നേരത്തെ ശരിവെച്ചിരുന്നു. അതിന്റെ തുടർച്ചയായി സ്ഥാനക്കയറ്റത്തിലെ പട്ടിക വിഭാഗ സംവരണ കാര്യത്തിൽ സുപ്രീംകോടതി ഇപ്പോൾ വിവിധ നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. 'കേഡർ' അടിസ്ഥാനപ്പെടുത്തി വേണം സംവരണ തസ്തിക നികത്തുന്നതു സംബന്ധിച്ച ഡേറ്റ സമാഹരിക്കാൻ. ക്ലാസ്, ഗ്രൂപ്, സർവിസ് എന്നിവയല്ല നോക്കേണ്ടത്. ഒരു സർവിസ് മൊത്തമായി എടുത്ത് സംവരണ വിഭാഗ പ്രാതിനിധ്യം പരിശോധിക്കുന്നത് പ്രമോഷനിലെ സംവരണമെന്ന വിഷയം അർഥശൂന്യമാക്കും.
പ്രമോഷനിലെ സംവരണം പാലിക്കുന്നതു സംബന്ധിച്ച സംസ്ഥാനങ്ങളുടെ അവലോകനത്തിന് യുക്തിസഹമായ സമയപരിധി കേന്ദ്രസർക്കാർ നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഫെബ്രുവരി 24ന് വീണ്ടും പരിഗണിക്കും. കേന്ദ്രസർക്കാർ നൽകിയ അപേക്ഷയിൽ അന്ന് വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

