അനധികൃത കുടിയേറ്റക്കാർക്കും നുഴഞ്ഞുകയറ്റക്കാർക്കും നിയമപരമായ ഒരു അവകാശവും രാജ്യത്തില്ലെന്ന് സുപ്രീം കോടതി; ഇവരെ കസ്റ്റഡിയിൽ വച്ച് പീഡനത്തിന് ഇരയാക്കാൻ കഴിയില്ലെന്നും കോടതി
text_fieldsറോഹിങ്ക്യൻ അഭയാർഥികൾ
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമായവർക്ക് നിയമപരമായ ഒരു അവകാശവും രാജ്യത്തില്ലെന്ന് സുപ്രീം കോടതി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള എല്ലാവർക്കും ഇത് അറിവുള്ളതാണെന്നും കോടതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത അഞ്ച് റോഹിംഗ്യൻ അഭയാർഥികളെക്കുറിച്ചുള്ള ഒരു ഹേബിയസ് കോർപസ് കേസിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരുടെ ബഞ്ച് ഇതു പറഞ്ഞത്.
2005ൽ സുപ്രീംകോടതി ഇതു പറഞ്ഞിട്ടുള്ളതാണ്. അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമായവർക്ക് നിയമപരമായ ഒരു അവകാശവും രാജ്യത്തില്ല. ബംഗ്ലാദേശിൽ നിന്നുള്ള കടന്നുകയറ്റക്കാർ മൂലം അസ്സമിൽ ആന്തരികമായും ബാഹ്യമായുമുള്ള സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണാൻ ഇന്ത്യാ ഗവൺമെന്റ് നടപടിയെുക്കണമെന്നാണ് അന്ന് കോടതി പറഞ്ഞത്.
റോഹിങ്ക്യരെ അഭയാർഥികൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. എവിടെയാണ് റോഹിങ്ക്യകളെ അഭയാർഥികളെന്ന് ഗവൺമെന്റ് വിശേഷിപ്പിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു. അവർക്ക് നിയമപരായി ഒരു അധികാരവുമില്ല. രാജ്യത്ത് അനധികൃതമായി കടന്നുകയറുന്നവരെ സംരക്ഷിക്കാൻ ഇന്ത്യക്ക് യാതൊരു ബാധ്യതയുമില്ല.
ഇവിടെ നിയമപരമായി അധികാരമില്ലാത്തയാൾ നുഴഞ്ഞുകയറ്റക്കാരനാണ്. അടിച്ചമർത്തൽവിരുദ്ധ കരാറിൽ ഇന്ത്യ ഭാഗമല്ല. കരാറിൽ ഒപ്പിട്ട രാജ്യങ്ങൾക്ക് അഭയാർഥികളെ തിരികെ അയക്കേണ്ടതില്ല. എന്നാൽ സുപ്രീംകോടതി അവരോട് മാനുഷികപരിഗണന കാട്ടുകയായിരുന്നെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒരിക്കൽ രാജ്യത്തെത്തുന്ന ഇവർ ഭക്ഷണത്തിനും താമസത്തിനും കുട്ടികൾക്കുള്ള സഹായത്തിനും അവകാശവാദം ഉന്നയിക്കുന്നു. നമുക്ക് ഇവിടെ ധാരാളം പാവപ്പെട്ടവരുണ്ട്. അവർക്ക് ഈ രാജ്യത്തെ വസ്തുവകകളിൽ ചില അവകാശങ്ങളുണ്ട്. എന്നാൽ അനധികൃത കുടിയേറ്റക്കാർക്ക് അതില്ല. എന്നാൽ കുടിയേറ്റക്കാരെ കസ്റ്റഡിയിൽ വച്ച് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
മ്യാൻമറിലെ റഖൈൻ പ്രവിശ്യയിൽ നിന്നുള്ള റോഹിങ്ക്യകളെ ബംഗാളിൽ നിന്നുള്ള കുടിയേറ്റക്കാരാക്കി പലയിടത്തു നിന്നും വാദമുയർന്ന പശ്ചാത്തലത്തിലാണ് കോടതി ഇതു പറഞ്ഞത്.
ഹേബിയസ് കോർപസ് പരാതിയെ എതിർത്ത് സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി. റോഹിങ്ക്യകൾ മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലെത്തി അവിടെ കഴിഞ്ഞ ശേഷം അതുവഴി ബംഗാളിലെത്താറുണ്ട്. ഹേബിയസ് കോർപസ് ഫയൽ ചെയ്തവർ പിടിയിലായവരെ തിരികെ നാട്ടിലേക്ക് കയറ്റിഅയക്കുന്ന കാര്യത്തിൽ രാജ്യം കൈക്കൊണ്ട നടപടികളും ഇത്തരം രാജ്യങ്ങളുമായി ഇന്ത്യ നടത്തിയ ചർച്ചകളെക്കുറിച്ചും അന്വേഷിക്കുന്നതായി തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കേസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

