സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു
text_fieldsവിവേക്
ബംഗളൂരു: രാമനഗരയിൽ കന്നട സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ് (28) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് അപകടമുണ്ടായത്.
'ലവ് യു രച്ചു' എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. 11 കെ.വി വൈദ്യുതി ലൈനിന് സമീപത്തായി ക്രെയിനില്‍ നില്‍ക്കുന്നതിനിടെ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതമേല്ക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.വൈദ്യുതാഘാതമേറ്റ വിവേക് നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു.
പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിനിമയുടെ സംവിധായകന് ശങ്കര്‍, സംഘട്ടന സംവിധായകന് വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നട താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയാണ് 'ലവ് യു രച്ചു'.

