മകൻ കാമുകിയെ പിരിയാൻ തയാറായില്ല; കോപത്താൽ പിതാവ് തീകൊളുത്തി നശിപ്പിച്ചത് ഏഴ് ബൈക്കുകൾ
text_fieldsചെന്നൈ: മകൻ കാമുകിയെ പിരിയാൻ തയാറാകാത്തതിനാൽ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് ഏഴ് ബൈക്കുകൾ തീകൊളുത്തി നശിപ്പിച്ചു. ചെന്നൈയിലെ വാഷർമാൻ പേട്ട് പ്രദേശത്ത് ഒക്ടോബർ 14നാണ് സംഭവമുണ്ടായത്. ബൈക്കുകൾ നശിപ്പിച്ചത് ആരാണെന്ന് പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതി 54 വയസ്സുകാരനായ കർണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കർണന്‍റെ മകൻ അരുൺ കാമുകി മീനയുമൊത്ത് ലിവ്-ഇൻ റിലേഷൻ ഷിപ്പിലായിരുന്നു. ഇതറിഞ്ഞ കർണൻ മകനെ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു ദിവസം മീനയോടൊത്ത് അരുൺ താൻ സമ്മാനിച്ച ബൈക്കിൽ പോകുന്നതുകണ്ടതോടെ കോപം കർണന്‍റെ ആളിക്കത്തി. വാഹനം കത്തിച്ചുകളയാൻ കർണൻ തീരുമാനിച്ചു.
ഒക്ടോബർ 14ന് പെട്രോളൊഴിച്ച് കർണൻ ബൈക്ക് കത്തിച്ചു. സംശയം തോന്നാതിരിക്കാനായി ഇതിനൊപ്പം പാർക്ക് ചെയ്തിരുന്ന ഏഴ് ബൈക്കുകൾ കൂടി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അപകടമാണെന്ന് പൊലീസും നാട്ടുകാരും കരുതുമെന്നായിരുന്നു കർണന്‍റെ ധാരണ. ഇതിനുശേഷം ഇയാൾ സ്ഥലംവിട്ടു.
സി.സി.ടി.വി കാമറ സ്ഥാപിക്കാത്ത പ്രദേശമായതിനാൽ പൊലീസിന് സംഭവത്തെക്കുറിച്ച് ഒരുതുമ്പും കിട്ടിയിരുന്നില്ല. എന്നാൽ തനിക്ക് അരുണിന്‍റെ പിതാവിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മീന പരാതി നൽകിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഇതോടെ ഒക്ടോബർ 14 മുതൽ കാണാതായ കർണനെ കടലൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഏഴ് ബൈക്കുകളും കത്തിച്ചത് താനാണെന്ന് കർണൻ സമ്മതിച്ചു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

