
അസമിൽ കൊല്ലപ്പെട്ട മുഈനുല്‍ ഹഖിെൻറ മക്കളുടെ വിദ്യാഭ്യാസച്ചെലവ് എസ്.ഐ.ഒ ഏറ്റെടുക്കും
text_fieldsഗുവാഹത്തി: അസമിലെ ദാരംഗ് ജില്ലയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശഹീദ് മുഈനുല്‍ ഹഖ്, ശൈഖ് ഫരീദ് എന്നിവരുടെ കുടുംബങ്ങളെ എസ്.ഐ.ഒ ഭാരവാഹികള്‍ തിങ്കളാഴ്ച സന്ദര്‍ശിക്കുകയും എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവുമറിയിക്കുകയും ചെയ്തു. മുഈനുല്‍ ഹഖിെൻറ മൂന്നു മക്കളുടെയും വിദ്യാഭ്യാസച്ചെലവ് എസ്.ഐ.ഒ ഏറ്റെടുക്കുമെന്നും അറിയിച്ചു.
'അദ്ദേഹത്തിെൻറ മക്കളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. താല്‍പ്പര്യമുള്ള മേഖലയില്‍ അവര്‍ മൂവരും പഠിച്ച് മുന്നേറണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്. അവരുടെ മുന്നോട്ടുള്ള ജീവിതം സമാധാനവും ഐശ്വര്യവും നിറഞ്ഞതാകാനും അവരോട് അക്രമം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാകാനും വേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ഥന' -കൂടിക്കാഴ്ച്ചക്ക് ശേഷം എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് സല്മാന് അഹമ്മദ് പറഞ്ഞു.
13 വയസ്സുകാരന് മുഖ്സിദുല്‍, ഒമ്പതു വയസ്സുകാരി മന്‍സൂറ ബീഗം, നാലു വയസ്സുകാരന് മുഖദ്ദസ് അലി എന്നിവരും ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു മുഈനുല്‍ ഹഖ്. ഭരണകൂടം എണ്ണൂറോളം കുടുംബങ്ങളെ വീടുകളില്‍നിന്നും ബലംപ്രയോഗിച്ച് കുടിയിറക്കിയ സിപാഹ്ജാര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു എസ്.ഐ.ഒ പ്രതിനിധികള്‍. ഇരകളായ കുടുംബങ്ങള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ സംഘത്തോട് വിവരിച്ചു.
'കുടിയിറക്കിയ കുടുംബങ്ങളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശം റോഡ് സൗകര്യം പോലുമില്ലാത്ത പ്രളയഭീഷണി നിലനില്‍ക്കുന്ന നദീ തീരത്താണ്. തകിട് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര കെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് അവര്‍ കഴിയുന്നത്. വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ ദുരിതാശ്വാസ നടപടി ഉടന്‍ തന്നെ കൈക്കൊള്ളണം' -സല്മാന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
എസ്.ഐ.ഒ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജമിയത്ത് ഉലമാ-ഇ-ഹിന്ദ് എന്നിവരുടെ സംയുക്ത പ്രതിനിധി സംഘം ഞായറാഴ്ച രാവിലെ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ, ഡാരംഗ് പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബിശ്വ ശര്‍മ്മ, ഡറാങ് ഡെപ്യൂട്ടി കമീഷണര്‍ പ്രഭതി തായോസെന്‍ എന്നിവരുമായി പൊലീസ് ക്രൂരതയുടെയും കുടിയൊഴിപ്പിക്കലിെൻറയും പ്രശ്നം ഉന്നയിച്ച് വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു. കുടിയിറക്കപ്പെട്ട മുസ്ലിംങ്ങള്ക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
അക്രമത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ പൊലീസുകാര്‍ക്കും സാധാരണക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഭരണകൂടത്താല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉടനെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി സംഘടനകളോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.