ആരവങ്ങളോടെ ഭരണപക്ഷം; ആധിയോടെ പ്രതിപക്ഷം
text_fieldsപുതിയ പാർലമെന്റ് മന്ദിരത്തിന് കാവൽ നിൽക്കുന്ന സുരക്ഷഉദ്യോഗസ്ഥർ
ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന ചർച്ചയിൽ പ്രകടമായത് ഭരണപക്ഷ ആരവങ്ങളും പ്രതിപക്ഷത്തിന്റെ ആധിയും. ഏറെ നാളുകൾക്കു ശേഷം ബഹളവും പ്രതിഷേധവുമില്ലാതെ നടന്ന ഇരുസഭകളിലും ഭരണ-പ്രതിപക്ഷ നേതാക്കൾ കൊണ്ടും കൊടുത്തും തന്നെ പാർലമെന്ററി ജനാധിപത്യത്തിന്റെ 75 വർഷത്തെ വിലയിരുത്തി.
സഭയുടെ അധിപൻ സ്പീക്കറായ ഓം ബിർലയാണെങ്കിലും സ്വന്തം ഗൃഹപ്രവേശത്തിനൊരുങ്ങിയ ഗൃഹനാഥന്റെ ഭാവത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വീട്ടിലേക്ക് മാറുന്ന കുടുംബത്തോട് പാർലമെന്റ് അംഗങ്ങളുടെ പുതിയ സഭയിലേക്കുള്ള മാറ്റത്തെ ഉപമിച്ച് അതിന്റെ ആനന്ദവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ഭൂതകാലത്തിനും ഭാവിക്കുമിടയിലെ കണ്ണിയാകാൻ അവസരം ലഭിച്ച ഇപ്പോഴത്തെ പാർലമെന്റ് അംഗങ്ങൾ അങ്ങേയറ്റം ഭാഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ മന്ദിരത്തിന്റെ ചുവരുകൾക്കുള്ളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ജനപ്രതിനിധികൾക്ക് ഇന്നത്തെ അവസരം അഭിമാന നിമിഷമാണെന്നും കൂട്ടിച്ചേർത്തു.
ലോക്സഭയിൽ മോദി നടത്തിയ പ്രസംഗത്തിന് മറുപടിയായി രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം. മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയി 21 പ്രസ്താവനകളും ഡോ. മൻമോഹൻ സിങ്ങ് 30 പ്രസ്താവനകളും നടത്തിയ പഴയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി എന്നനിലക്കുള്ള ആചാരപ്രസംഗങ്ങൾക്ക് പുറമെ കേവലം രണ്ട് പ്രസ്താവനകൾ മാത്രമാണ് നരേന്ദ്ര മോദി നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി അപൂർവമായേ പാർലമെന്റിൽവരുന്നുള്ളൂ. വന്നാൽ അതൊരു പരിപാടിയാക്കി സ്ഥലം വിടുകയും ചെയ്യും. മണിപ്പൂരിൽ ഇന്നും കലാപം തുടരുകയാണെങ്കിലും അതേക്കുറിച്ച് മോദി മിണ്ടാത്തതും ഖാർഗെ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ഇടം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡി.എം.കെ നേതാവ് തിരുച്ചി ശിവ തന്റെ ആധി പ്രകടിപ്പിച്ചു. സർക്കാറിനെ ഉത്തരം പറയിക്കാനുള്ള പാർലമെന്റിന്റെ ശേഷി കുറഞ്ഞുവരുകയാണ്. സർക്കാറിനാകട്ടെ, നിയമനിർമാണത്തേക്കാൾ താൽപര്യം ഓർഡിനൻസിലാണെന്നും ശിവ കുറ്റപ്പെടുത്തി.
പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് നീങ്ങുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക വൈ.എസ്.ആർ കോൺഗ്രസ് എം.പി എസ്. നിരഞ്ജൻ റെഡ്ഢി ഉന്നയിച്ചു. ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലുള്ളതെങ്കിലും 2026 വരെ നൽകിയ പരിരക്ഷ കഴിഞ്ഞാൽ അവിടെനിന്നുള്ള ലോക്സഭ സീറ്റുകളുടെ എണ്ണം കുറയുകയും ഉത്തരേന്ത്യയിലേത് കൂടുകയും ചെയ്യും. അതിന് തടയിടണമെന്ന് നിരഞ്ജൻ റെഡ്ഢി ആവശ്യപ്പെട്ടു.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ നിയമമല്ലെന്നും ന്യൂനപക്ഷത്തിനുള്ള സംരക്ഷണമാണെന്നും ഭരണഘടന ശിൽപി ഡോ. അംബേദ്കറെ ഉദ്ധരിച്ച് ജോൺ ബ്രിട്ടാസ് പറഞ്ഞു. സർക്കാർ പാർലമെന്റിനെ ഉത്തരം ബോധിപ്പിക്കുന്നില്ലെന്നും പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഹാജർ 0.001 ശതമാനം മാത്രമാണെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും മുസ്ലിംകൾ ഭീഷണിയിലാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇന്ത്യ മറ്റൊരു സോവിയറ്റ് യൂനിയനാകുമെന്നും അവിടെ സംഭവിച്ചത് ഇന്ത്യയിൽ സംഭവിക്കുമെന്നും എം.ഡി.എം.കെ നേതാവ് വൈകോ മുന്നറിയിപ്പ് നൽകി.
ഫെഡറലിസമെന്ന അടിസ്ഥാനഘടകത്തെ തകർക്കാനുള്ള സർക്കാർ നീക്കങ്ങളെ ജാഗ്രതയോടെ ചെറുത്തുതോല്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. നെഹ്റുവിന്റെ പ്രവർത്തനങ്ങളാണ് ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ കീഴ്വഴക്കങ്ങളായി മാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യവളർച്ചക്കും വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള നേതാക്കളെ ബി.ജെ.പി താഴ്ത്തുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ലോക്സഭയിൽ പറഞ്ഞു. ഭരണഘടന വെറും നോക്കുകുത്തിയാവുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ, വ്യക്തിത്വം, സംരക്ഷണം എന്നിവയെല്ലാം ഓരോ ദിവസവും വെല്ലുവിളികൾ നേരിടുകയാണ് -അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ പാർലമെന്ററി രീതികളും നടപടിക്രമങ്ങളും സമീപ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും ഇത് ജനാധിപത്യത്തിന്റെ സത്തയെ തന്നെ ഭീഷണിപ്പെടുത്തുന്നതാണെന്നും ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.