ശാസ്ത്രജ്ഞർ ഐ.എസ്.ആർ.ഒ വിടുന്നതിനു പിന്നിൽ; കൊഴിഞ്ഞുപോക്ക് തടയാൻ നെട്ടോട്ടമോടുന്ന രാജ്യത്തിന്‍റെ അഭിമാന സ്ഥാപനം
text_fieldsവിക്ഷേപണങ്ങൾ പരാജയപ്പെടുന്നതോ സാങ്കേതിക തടസങ്ങളോ അല്ല, മറിച്ച് പരിചയസമ്പന്നരായ ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവെച്ചു പോകുന്നതാണ് ഐ.എസ്.ആർ.ഒ ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളി.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറിലധികം ശാസ്ത്രജ്ഞരാണ് ഐ.എസ്.ആർ.ഒയിൽ നിന്ന് രാജിവെക്കുകയോ വി.ആർ.എസ് എടുക്കുകയോ ചെയ്തത്. കൊഴിഞ്ഞുപോക്ക് തടയാൻ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സ്‌പേസ് ഇപ്പോൾ ഇടപെടുകയും, 'ഗഗൻയാൻ' പോലുള്ള സുപ്രധാന ദൗത്യങ്ങളിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ രാജിയും സ്വയം വിരമിക്കലും നിയന്ത്രിച്ചുകൊണ്ട് പുതിയ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കം പ്രതിഭകളെ നിലനിർത്തേണ്ടതിന്‍റെ തന്ത്രപ്രധാനമായ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇത്തരം നിയന്ത്രണങ്ങൾ വലിയൊരു ചോദ്യം മുന്നോട്ടുവെക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ മോഹങ്ങൾ ഏറ്റവും ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഈ സമയത്ത് ശാസ്ത്രജ്ഞർ എന്തുകൊണ്ടാണ് ഐ.എസ്.ആർ.ഒ വിടാൻ തീരുമാനിക്കുന്നത്?
ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയുടെ സ്ഫോടനാത്മകമായ വളർച്ച മുതൽ സ്ഥാപനത്തിനുള്ളിലെ ഭരണപരമായ തടസങ്ങളും പ്രധാന ദേശീയ ദൗത്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും വരെയുള്ള വിവിധ കാരണങ്ങളിലേക്കാണ് വ്യവസായ വിദഗ്ദരും ഐ.എസ്.ആർ.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിരൽ ചൂണ്ടുന്നത്.
ഏറ്റവും വലിയ ചാലകശക്തികളിലൊന്ന് സജീവമായ ഒരു സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥയുടെ ആവിർഭാവമാണ്. 2020ൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തതിനുശേഷം, സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ്, പിക്സൽ, ബെല്ലാട്രിക്സ് എയറോസ്പേസ്, ധ്രുവ സ്പേസ്, ദിഗന്തര തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ എയറോസ്പേസ് മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത വേഗതയിലാണ് ഈ കമ്പനികൾ റോക്കറ്റുകളും ഉപഗ്രഹങ്ങളും പ്രൊപ്പൽഷൻ സിസ്റ്റങ്ങളും ബഹിരാകാശ അധിഷ്ഠിത സേവനങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സ്വകാര്യ കമ്പനികൾ പലപ്പോഴും ഗണ്യമായ ഉയർന്ന ശമ്പളം, സ്റ്റോക്ക് ഓപ്ഷനുകൾ (ഓഹരി പങ്കാളിത്തം), കൂടുതൽ ഫ്ലെക്സിബിലിറ്റി, ആശയങ്ങൾ പെട്ടെന്ന് തന്നെ യാഥാർഥ്യമാക്കാൻ കഴിയുന്ന അതിവേഗ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ ആകർഷിക്കുന്ന ഒരു ഘടകമാണ്. പരമ്പരാഗത സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർട്ടപ്പുകൾ ശാസ്ത്രജ്ഞരുടെ കരിയറിന്‍റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നേതൃത്വപരമായ റോളുകളും തികച്ചും പുതിയ സാങ്കേതികവിദ്യകൾ നിർമിക്കാനുള്ള അവസരവും സ്വകാര്യ കമ്പനികൾ നൽകുന്നു.
മുൻ ഐ.എസ്.ആർ.ഒ വിദഗ്ദർ തന്നെയാണ് ഈ പ്രവണതക്ക് ആക്കം കൂട്ടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, വിരമിച്ചവരും അല്ലാത്തവരുമായ പല മുതിർന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥരും എയറോസ്പേസ് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുകയോ അവയുടെ ഉപദേശകരായി മാറുകയോ ചെയ്തിട്ടുണ്ട്. ഇത് ദേശീയ ബഹിരാകാശ ഏജൻസിയിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിച്ചു. അവരുടെ അനുഭവപരിചയവും വർധിച്ചുവരുന്ന സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ എയറോസ്പേസ് എഞ്ചിനീയർമാർക്ക് മുമ്പെങ്ങുമില്ലാത്ത അവസരങ്ങൾ തുറന്നുനൽകിയിട്ടുണ്ട്.
സ്വകാര്യ വ്യവസായ മേഖലയിലേക്കുള്ള ആകർഷണം കഥയുടെ ഒരു ഭാഗം മാത്രമാണ്. ദൗത്യങ്ങൾ നടപ്പിലാക്കുന്നതിൽ ഐ.എസ്.ആർ.ഒ അസാധാരണമായ മന്ദഗതി നേരിടുന്ന സമയത്താണ് ഈ കൊഴിഞ്ഞുപോക്കുകൾ ഉണ്ടാകുന്നത്.
ഗഗൻയാൻ ജി1 (Gaganyaan G1) ടെസ്റ്റ് ഫ്ലൈറ്റ്, എസ്.എസ്.എൽ.വി-എൽ1 (SSLV-L1), ജി.എസ്.എൽ.വി-എഫ്17 (GSLV-F17), വ്യവസായ അടിസ്ഥാനത്തിൽ നിർമിച്ച പി.എസ്.എൽ.വി-എൻ1 (PSLV-N1) ഉൾപ്പെടെയുള്ള പ്രമുഖ ദൗത്യങ്ങൾ പ്രഖ്യാപിച്ച സമയപരിധി കഴിഞ്ഞിട്ടും നീണ്ടുപോവുകയാണ്. ഈ വർഷം ആദ്യം പി.എസ്.എൽവിക്കുണ്ടായ ഇരട്ട തിരിച്ചടികൾ വിക്ഷേപണ പ്രവർത്തനങ്ങളെ വീണ്ടും വൈകിപ്പിച്ചു, പരാജയത്തിന്‍റെ വിശദമായ വിലയിരുത്തൽ റിപ്പോർട്ട് ഏജൻസി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല.
തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ കൂടുതൽ കേന്ദ്രീകൃതമാകുന്നതിനെക്കുറിച്ച് സ്ഥാപനത്തിനുള്ളിലെ ചില വിഭാഗങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനപ്പെട്ട സാങ്കേതികവും ഭരണപരവുമായ തീരുമാനങ്ങൾ ഇപ്പോൾ ചെയർമാന്‍റെ ഓഫിസിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും, ഇത് അനുമതികൾ വൈകിപ്പിക്കുന്നതിനും പ്രവർത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും നിലവിലുള്ളവരും മുൻകാലങ്ങളിലുള്ളവരുമായ പദവിയിലിരിക്കുന്ന പല ഉദ്യോഗസ്ഥരും രഹസ്യമായി അഭിപ്രായപ്പെടുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തൊഴിൽ മാതൃക മാറേണ്ടതുണ്ട്
ബഹിരാകാശ ഏജൻസി പ്രോജക്ട് അധിഷ്ഠിതമായ നാസ (Nasa), യൂറോപ്യൻ സ്പേസ് ഏജൻസി (ESA) തുടങ്ങിയ പാശ്ചാത്യ ബഹിരാകാശ ഏജൻസികളുടെ തൊഴിൽ മാതൃകകൾ പരിശോധിക്കേണ്ടതുണ്ട് എന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. നാസയുടെ തൊഴിൽ ഘടനയിൽ സ്ഥിരം സിവിൽ ഉദ്യോഗസ്ഥർ, കരാറുകാർ, നിർദ്ദിഷ്ട പ്രോജക്ടുകൾക്കായി നിയമിക്കപ്പെടുന്നവർ എന്നിവർ ഉൾപ്പെടുന്നു. ഇത് ഏജൻസിക്ക് ആവശ്യമായ ഫ്ലെക്സിബിലിറ്റി നൽകുമ്പോൾ തന്നെ സുപ്രധാനമായ സ്ഥാപനപരമായ വൈദഗ്ദ്യം നിലനിർത്താനും സഹായിക്കുന്നു. ഈ ഒരു ഹൈബ്രിഡ് മാതൃക വ്യാപിപ്പിക്കുന്നത് ഐ.എസ്.ആർ.ഒക്ക് ഗുണം ചെയ്യുമെന്ന് പല ബഹിരാകാശ നയ വിദഗ്ദരും വിശ്വസിക്കുന്നു.
പ്രശ്നം പരിഹരിക്കാൻ ഐ.എസ്.ആർ.ഒയുടെ നെട്ടോട്ടം
കൊഴിഞ്ഞുപോക്ക് ദേശീയ പ്രാധാന്യമുള്ള പദ്ധതികളെ ബാധിക്കുന്നുണ്ടെന്ന ആശങ്കയാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസിന്റെ ജൂലൈ 14ലെ മെമോറാണ്ടം പ്രതിഫലിപ്പിക്കുന്നത്. ഗഗൻയാൻ, മറ്റ് സുപ്രധാന ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് ഇനി മുതൽ സാധാരണ നടപടിക്രമങ്ങളിലൂടെ ജോലി വിട്ടുപോകാൻ അനുവാദമില്ല. പകരം, ഓരോ രാജിക്കത്തും ഇനി ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസ് നേരിട്ട് പരിശോധിച്ച് അനുമതി നൽകേണ്ടതുണ്ട്.
ഐ.എസ്.ആർ.ഒയുടെ 14,600ലധികം വരുന്ന ആകെ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പോകുന്നവരുടെ എണ്ണം വളരെ ചെറുതാണെങ്കിലും, ഇതിന്‍റെ ആഘാതം വളരെ വലുതാണ്. കാരണം ചന്ദ്രയാൻ-3, സ്പേസ് ഡെക്സ് (SpaDeX), ഗഗൻയാൻ തുടങ്ങിയ ദൗത്യങ്ങളിലൂടെ വർഷങ്ങളുടെ പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് ജോലി വിടുന്നവരിൽ പലരും. പുതുതായി ബിരുദം കഴിഞ്ഞിറങ്ങുന്നവരെ നിയമിച്ചുകൊണ്ട് മാത്രം ഇത്തരം അറിവുകൾക്ക് പകരക്കാരെ കണ്ടെത്താനാകില്ല. ഈ പ്രതിഭകളുടെ മാറ്റം ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ വലിയൊരു പരിവർത്തനത്തെയാണ് കാണിക്കുന്നത്.
പതിറ്റാണ്ടുകളായി എയറോസ്പേസ് എഞ്ചിനീയർമാരുടെ ഏക ലക്ഷ്യസ്ഥാനം ഐ.എസ്.ആർ.ഒ മാത്രമായിരുന്നു. എന്നാൽ ഇന്ന്, മികച്ച ശമ്പളവും വേഗത്തിലുള്ള വളർച്ചയും അടുത്ത തലമുറയിലെ ബഹിരാകാശ സാങ്കേതികവിദ്യ രൂപപ്പെടുത്താനുള്ള അവസരവും നൽകുന്ന സ്വകാര്യ കമ്പനികൾ ബദൽ കരിയർ പാതകൾ വാഗ്ദാനം ചെയ്യുന്ന വളരെ വലിയൊരു ആവാസവ്യവസ്ഥയുടെ കേന്ദ്രമായി ഐ.എസ്.ആർ.ഒ മാറിയിരിക്കുന്നു. രാജ്യത്തെ പ്രതിഭകളെ ആകർഷിക്കുക എന്നത് മാത്രമല്ല, അവരെ നിലനിർത്തുക എന്നത് കൂടിയാണ് ഇപ്പോൾ ഐ.എസ്.ആർ.ഒ നേരിടുന്ന പ്രധാന വെല്ലുവിളി.
(ഇന്ത്യ ടു ഡേ അടിസ്ഥാനമാക്കിയുള്ള ലേഖനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

