ഉത്തരാഖണ്ഡിലെ ഗുരുദ്വാര തലവനെ വെടിവെച്ചുകൊന്ന മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് ഉധം സിങ് നഗറിലെ നാനക്മട്ട സാഹിബ് ഗുരുദ്വാര ദേരാ കർസേവാ തലവൻ ബാബ തർസെം സിങിനെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടു. ബിട്ടു എന്ന അമർജിത് സിങിനെ ഉത്തരാഖണ്ഡ് എസ്.ടി.എഫും ഹരിദ്വാർ പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയത്.
ഇന്ന്പുലർച്ചെയായിരുന്നു സംഭവം. പൊലീസ് അമർജിത് സിങിന്റെ തലയ്ക്ക് ഒരുലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അഭിനവ് കുമാർ പറഞ്ഞു. ഒളിവിൽപോയ പ്രതികൾക്കായുള്ള തിരച്ചിൽ ഉത്തരാഖണ്ഡ് എസ്.ടി.എഫും ഹരിദ്വാർ പൊലീസും ഊർജ്ജമാക്കിയിട്ടുണ്ടെന്നും ഡി.ജെ.പി വ്യക്തമാക്കി.
അമർജിത് സിങിനെതിരെ 16ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാബ തർസെം സിങിന്റെ കൊലപാതകം പൊലീസ് ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
മാർച്ച് 28 ന് നാനക്മട്ട ഗുരുദ്വാര കർ സേവാ തലവൻ ബാബ തർസെം സിങിനു നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തർസെം സിങിനെ ഖത്തിമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

