പുൽവാമ ആക്രമണത്തിന് ഉത്തരവാദി കേന്ദ്രസർക്കാറെന്ന് മുൻസൈനിക മേധാവി
text_fieldsന്യൂഡൽഹി: 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ആക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനാണെന്ന് മുൻ സൈനിക മേധാവി ജനറൽ ശങ്കർ റോയ് ചൗധരി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഉപദേശം സ്വീകരിക്കുന്ന പ്രധാനമന്ത്രിയാണ് പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദി. ഇത് വലിയൊരു തിരിച്ചടിയാണ്. 40 വലിയ നമ്പറാണ്. 100 ശതമാനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് പുൽവാമ ആക്രമണത്തിന് പിന്നിൽ. അതിനാൽ ദേശീയ സുരക്ഷാ ഏജൻസിക്കും ഉത്തരവാദിത്തമുണ്ട്. സി.ആർ.പി.എഫ് ജവാൻമാർ വ്യോമമാർഗമാണ് സഞ്ചരിച്ചിരുന്നതെങ്കിൽ ഈ ആക്രമണം ഒഴിവാക്കാമായിരുന്നു. റോഡ് യാത്ര എപ്പോഴും അക്രമ സാധ്യതയുള്ളതാണ്. 2,500 ജവാൻമാരെ വഹിച്ച് 78 വാഹനങ്ങളാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇത്രയും വലിയൊരു വാഹന വ്യൂഹം ഒരിക്കലും പാക് അതിർത്തിയോട് ചേർന്ന ഹൈവേ യാത്രക്കായി തെരഞ്ഞെടുക്കരുതായിരുന്നു. -മുൻ സൈനിക മേധാവി വ്യക്തമാക്കി. 1990 കളുടെ മധ്യത്തിൽ സൈനിക മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി.
2019ലെ പുൽവാമ ആക്രമണത്തിൽ 40 ജവാൻമാരാണ് കൊല്ലപ്പെട്ടത്. സി.ആർ.പലി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തു നിറച്ച കാർ ഇടിച്ചു കയറി പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. ഈ ദുരന്തം മോദിയുടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടിരുന്നു.
അതേസമയം, അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വെള്ളിയാഴ്ച ദ വയറിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി തന്നോട് മിണ്ടരുതെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ചു. പുൽവാമയിൽ ജവാൻമാർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്ന് താൻ പറഞ്ഞതിനെ തുടർന്നാണ് മോദി തന്നോട് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടത്. ജവാൻമാരുടെ യാത്രക്ക് എയർക്രാഫ്റ്റ് അനുവദിക്കണമെന്ന സി.ആർ.പി.എഫിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. അപകടമുണ്ടായ അന്ന് വൈകീട്ട് തന്നെ ഇക്കാര്യം ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു. ഇത് നമ്മുടെ തന്നെ തെറ്റാണ്. നാം വിമാനം അനുവദിച്ചിരുന്നുവെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നോട് നിശബ്ദത പാലിക്കാനാണ് മോദി ആവശ്യപ്പെട്ടതെന്നും സത്യ പാൽ മാലിക് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

