തട്ടിക്കൊണ്ടുപോയ എട്ടുവയസുകാരിയെ 48 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്
text_fieldsപാൽഘർ (മഹാരാഷ്ട്ര): പാൽഘർ വാഡയിലെ സഞ്ജയ് ഗാന്ധി നഗറിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസുകാരിയെ 48 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി. വിവിധ കേസുകളിൽ പ്രതിയായ ഡേവിഡ് എന്ന ഗുരുനാഥ് മുക്നെ കുട്ടിയെ ചോക്ലറ്റ് നൽകി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സാമൂഹിക സംഘടനകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ കാണാതായതായി കുടുംബം പരാതി നൽകിയത്. വെളുത്ത ഷർട്ടും കറുത്ത ട്രൗസറും തൊപ്പിയും ധരിച്ച അജ്ഞാതനാണ് തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പൊലീസ് ഉടൻ തന്നെ അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ വരെ നിരന്തരമായ ശ്രമങ്ങൾ നടത്തിയിട്ടും ഒരു തുമ്പും ലഭിച്ചില്ലെന്ന് വാഡ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ദത്താത്രേ കേന്ദ്ര്‍ പറഞ്ഞു.
പക്ഷേ പുലർച്ചെ അഞ്ചു മണിയോടെ ഐൻഷെത് ഗ്രാമത്തിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയുമായി പ്രതിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദത്താത്രേ കേന്ദ്ര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഓപറേഷന്റെ വിജയത്തിന് പിന്നിൽ പൊലീസിന്റെ ഏകോപിത തിരച്ചിൽ ശ്രമങ്ങളും പ്രാദേശിക സാമൂഹിക സംഘടനകളുടെ പിന്തുണയുമായിരുന്നു. പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

