തെരഞ്ഞെടുപ്പ് ബോണ്ടിനെതിരായ ഹരജി കേൾക്കും -ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: അജ്ഞാതരിൽനിന്ന് കോടികൾ പാർട്ടികൾ സംഭാവനയായി സ്വീകരിക്കുന്നതിന് ആധാരമായ തെരഞ്ഞെടുപ്പ് ബോണ്ടിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരുവർഷമായിട്ടും കേസ് പട്ടികയിൽ വരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ബോണ്ടുകൾ പാർട്ടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന അഭിഭാഷകൻ ബോധിപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.
എല്ലാ രണ്ട് മാസം കൂടുമ്പോഴും പുതിയ ബോണ്ടുകൾ ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും എക്സൈസ് റെയ്ഡ് ഒഴിവാക്കാൻ ഇന്ന് കൊൽക്കത്തയിലെ ഒരു കമ്പനി 40 കോടിയുടെ ബോണ്ട് ഇറക്കിയതായി വാർത്തയുണ്ടെന്നും പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. കോവിഡ് ഇല്ലായിരുന്നുവെങ്കിൽ താൻ ഈ കേസ് കേൾക്കുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അതിന് മറുപടി നൽകി. 2017ൽ നൽകിയ ഹരജി ആദ്യം പരിഗണിച്ച മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു.