ലിഫ്റ്റ് ചോദിച്ച് കുടുങ്ങി; വീട്ടില്‍നിന്ന് നാല് പവൻ മോഷ്ടിച്ചയാൾ രക്ഷപ്പെടാൻ കയറിയത് വീട്ടുടമയുടെ ബൈക്കിൽ
text_fieldsചെന്നൈ: വീട്ടില്‍നിന്ന് നാല് പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ രക്ഷപ്പെടാനായി കയറിയത് വീട്ടുടമയുടെ ബൈക്കിന് പിറകില്‍. മോഷണ വിവരമറിയിക്കാന്‍ വീട്ടുടമ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കള്ളൻ ലിഫ്റ്റ് ചോദിച്ച് കൂടെ കയറിയത്. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയ പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ ഉമറാണ് (44) പിടിയിലായത്. മിഠായി വിൽപനക്കാരനെന്ന വ്യാജേനയെത്തിയാണ് ഇയാൾ മോഷണത്തിനുള്ള വീടുകൾ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിയിറച്ചി വാങ്ങാന്‍ ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്ത കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ മോഷ്ടാവെത്തിയത്. അര മണിക്കൂറിനകം തിരിച്ചെത്തയപ്പോൾ വാതിലും അലമാരയും തുറന്നുകിടക്കുന്നതാണ് കണ്ടത്. ആഭരണം മോഷണം പോയതറിഞ്ഞതോടെ പൊലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈക്കില്‍ പുറപ്പെട്ടു. വഴിയിരികിൽനിന്ന് അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് വാഹനം നിർത്തി അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി.
എന്നാൽ, അയാളുടെ അരയില്‍ പലതരത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടതോടെ രാജാദാസിന് സംശയമായി. വണ്ടിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

