അസമിൽ നിയമസഭാ സമ്മേളനത്തിനിടെ ഗവർണറുടെ പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsഗുവാഹത്തി: അസം നിയമസഭ സമ്മേളനത്തിനിടെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുടെ പ്രസംഗത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. വിലക്കയറ്റം, സംസ്ഥാനത്തെ സിൻഡിക്കേറ്റ് സംവിധാനം തുടങ്ങിയ പ്രധാനവിഷയങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയത്. സഭയുടെ രണ്ടാം ദിനത്തിൽ ഗവർണറുടെ പ്രസംഗം ആരംഭിച്ച് അഞ്ച് മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ ചില പ്രതിപക്ഷ എം.എൽ.എമാർ സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സർക്കാരിന്റെ നേട്ടങ്ങൾ മാത്രം വിവരിക്കുന്നതിന് പകരം പണപ്പെരുപ്പം പോലുള്ള കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന്‍റെ പ്രതിഷേധ സൂചകമായി പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് എം.എൽ.എ റെക്കിബുദ്ദീൻ അഹമ്മദ് രൂക്ഷമായി വിമർശിച്ചു. സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളെ അവഗണിച്ചുകൊണ്ട് സർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ മാത്രം എടുത്തുപറയുന്നതിന് പകരം അസമിലെ ജനങ്ങളുടെ ആശങ്കകളും വേദനകളും പോരാട്ടങ്ങളുമാണ് പ്രസംഗത്തിൽ പ്രതിഫലിക്കേണ്ടിയിരുന്നതെന്നും മാധ‍്യമങഅങളോട് സംസാരിക്കവെ റെക്കിബുദ്ദീന്‍ കൂട്ടിചേർത്തു. പൊതുജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാതെ വിട്ടുകളഞ്ഞതിനാലാണ് പ്രതിപക്ഷം ഗവർണറുടെ പ്രസംഗം ബഹിഷ്കരിച്ചത്.
അതേസമയം കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 102 സീറ്റുകൾ നേടി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയത് ഭരണകക്ഷിയുടെ കാഴ്ചപ്പാടുകൾക്കുള്ള ജനങ്ങളുടെ പിന്തുണയുടെ തെളിവാണെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. `ഈ ജനവിധി കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കി വരുന്ന സമാധാനം, സാമ്പത്തിക സ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയവും ചരിത്രപരവുമാണ്' അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

