രാഷ്ട്രീയ ട്രാക്കിലെ ഒരേ ഒരു കൽമാഡി...
text_fieldsമുംബൈ: കായിക ട്രാക്കിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കുതിച്ചുകയറിയ താരമായിരുന്നു സുരേഷ് കൽമാഡി. രാജ്യം കണ്ട മികച്ച കായിക സംഘാടകൻ. ശരദ് പവാറിന്റെ കൈപിടിച്ചായിരുന്നു യൂത്ത് കോൺഗ്രസിൽ രാഷ്ട്രീയ പ്രവേശനം. പിന്നീട് രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മാറി. പുണെയിലെ കൽമാഡിയുടെ പ്രാദേശിക രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു രാജീവ് ഗാന്ധിയുടെ ശ്രദ്ധ നേടാൻ കാരണമായത്. പുണെയിലൂന്നി ദേശീയ രാഷ്ട്രീയത്തിൽ പടർന്നുനിന്ന കൽമാഡി 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ അഴിമതി ആരോപണത്തെ തുടർന്ന് ഉൾവലിയുകയായിരുന്നു. സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ 2011ൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. സി.ബി.ഐ പിന്നീട് കേസുകൾ അവസാനിപ്പിച്ചിട്ടും പാർട്ടി അദ്ദേഹത്തെ തിരിച്ചുവിളിച്ചില്ല. ഇതിനിടയിൽ അദ്ദേഹം രോഗാതുരനായി.
1970 കളിലാണ് അതുവരെ വ്യോമസേന പൈലറ്റായിരുന്ന കൽമാഡിയുടെ രാഷ്ട്രീയ തുടക്കം. 1977 ൽ മഹാരാഷ്ട്രയിലെ വസന്ത്ദാദ പാട്ടീൽ സർക്കാറിനെ അട്ടിമറിച്ച് പവാർ കോൺഗ്രസിനെ പിളർത്തിയപ്പോൾ ഒപ്പം നിന്നു. 1982 ൽ ആദ്യമായി കൽമാഡിയെ രാജ്യസഭയിലേക്ക് അയക്കുന്നത് പവാറിന്റെ കോൺഗ്രസ് എസ് ആണ്. 1986 ൽ പവാറിനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തിയ കൽമാഡി ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായി മാറുന്നതായാണ് കണ്ടത്. വിദേശ താരങ്ങളെ ഉൾപ്പെടുത്തി പുണെ മാരത്തൺ, പുണെ ഉത്സവങ്ങൾ സംഘടിപ്പിച്ച് കൽമാഡി തന്റെ വേര് ആഴത്തിൽ പടർത്തുകയായിരുന്നു.
മഹാരാഷ്ട്ര സ്റ്റേറ്റ് അതിലേറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ്, ചെയർമാൻ ഓഫ് ദി അതിലേറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പദവികളിലൂടെ കൂടുതൽ രാഷ്ട്രീയ കരുത്താർജ്ജിച്ചു. വിദഗ്ധരും, ബുദ്ധിജീവികളും ഉൾപ്പെട്ട വ്യാസ്പീഠ് ആയിരുന്നു കൽമാഡി രൂപപ്പെടുത്തിയ മറ്റൊരു വേദി. ദേശീയ ഗെയിംസും, കോമൺവെൽത്ത് യൂത്ത് ഗെയിംസും പുണെയിൽ കൊണ്ടുവരുന്നതിൽ മുൻകൈയെടുത്തത് കൽമാടിയാണ്. ഇവ പുണെയുടേ വികസനത്തിന് നാന്ദി കുറിച്ചതായാണ് വിലയിരുത്തപ്പെടാറ്. മൂന്നു തവണ വീതം രാജ്യസഭയിലും ലോകസഭയിലും എം.പിയായി. നരസിംഹറാവു ഭരണകാലത്ത് റെയിൽവേ സഹമന്ത്രിയുമായി.
2014 ൽ സി.ബി.ഐ കൽമാഡിക്കെതിരായ കേസുകൾ അവസാനിപ്പിച്ചെങ്കിലും അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നില്ല. അതിന് കോൺഗ്രസ് വഴിയൊരുക്കിയുമില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. കൽമാഡിയുടെ അഭാവം പുണെയിൽ മാത്രമല്ല മഹാരാഷ്ട്രയിലുടനീളം പാർട്ടിയെ പ്രതികൂലമായി ബാധിച്ചതായി കോൺഗ്രസ് നേതാക്കൾ തന്നെ വിലയിരുത്തിയിട്ടുണ്ട്. പുണെ നഗരസഭ, പുണെയിലെ നിയമസഭാ മണ്ഡലങ്ങളിലും അത് പ്രകടമാണ്. കരുത്തുറ്റ കോൺഗ്രസ് നേതാവിനെയും കായിക സംഘാടകനെയുമാണ് കൽമാഡിയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

