'ഓപറേഷൻ സിന്ദൂർ' എന്ന പേര് രാഷ്ട്രീയ പ്രേരിതം; മോദിയെ വിമർശിച്ച് മമത ബാനർജി
text_fieldsമമത ബാനർജി
കൊൽക്കത്ത: പാകിസ്താനെതിരായ ഭീകരവിരുദ്ധ ഓപറേഷനെ 'ഓപറേഷൻ സിന്ദൂർ' എന്ന് നാമകരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഓപറേഷൻ സിന്ദൂർ' എന്ന പേര് രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു.
'ഓപറേഷൻ സിന്ദൂർ എന്ന പേര് അവരുടെ ആശയമായിരുന്നു. അത് രാഷ്ട്രീയ പ്രേരിതമാണ്. ബഹുകക്ഷി പ്രതിനിധികൾ നിരവധി രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കുമ്പോൾ, ഞാൻ ഇത് പറയാൻ ആഗ്രഹിച്ചില്ല. എന്നാൽ ഇന്ന്, പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്' -മമത പറഞ്ഞു.
നേരത്തെ, അലിപുർദുവാർ ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ, പശ്ചിമ ബംഗാൾ സർക്കാറിനെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും വിവധ വിഷയങ്ങളിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. അലിപുർദുവാറിലെ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു.
മുർഷിദാബാദ് ജില്ലയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും സംസ്ഥാന സർക്കാറും പ്രീണന രാഷ്ട്രീയത്തിനായി ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെക്കുറിച്ച് മമത പ്രതികരിച്ചു. വാസ്തവത്തിൽ, മുർഷിദാബാദിലെ വർഗീയ അക്രമം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തതെന്നും ആരംഭിച്ചതെന്നും അവർ പറഞ്ഞു.
ബി.ജെ.പി എപ്പോഴും വർഗീയ കലാപത്തിന് തിരികൊളുത്താറുണ്ടെന്നും മുർഷിദാബാദിലും അവർ അതുതന്നെ ചെയ്തതായും അതിനുള്ള കൃത്യമായ തെളിവുകൾ സമയമാകുമ്പോൾ പങ്കുവെക്കുമെന്നും മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെതിരായ പ്രധാനമന്ത്രിയുടെ അഴിമതി ആരോപണത്തിൽ, പശ്ചിമ ബംഗാളിനെതിരേ വിരൽ ചൂണ്ടുന്നതിനുമുമ്പ് പ്രധാനമന്ത്രി ആദ്യം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയെക്കുറിച്ച് സംസാരിക്കണമെന്ന് മമത ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാൾ സർക്കാറിനെ വിമർശിക്കുന്നതിനുമുമ്പ്, കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന വിവിധ പദ്ധതികൾ പ്രകാരമുള്ള കേന്ദ്ര വിഹിതം സംസ്ഥാന സർക്കാറിന് നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. 1.75 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് നൽകാനുണ്ടെന്നും പ്രധാനമന്ത്രി ആദ്യം ആ കുടിശ്ശിക തീർക്കണം. എന്നിട്ട് വിമർശിക്കാമെന്നും മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

