രാജ്യത്തെ അഴിമതി നിറഞ്ഞ കുടുംബം ഗാന്ധി കുടുംബം -ബി.ജെ.പി
text_fieldsന്യൂഡൽഹി: ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന് ബി.ജെ.പി. തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം റദ്ദാക്കണമെന്ന റോബർട്ട് വാദ്രയുടെ അപേക്ഷ രാജസ്ഥാൻ ഹൈക്കോടതി തള്ളിയതിനെ പരാമർശിച്ചായിരുന്നു ബി.ജെ.പിയുടെ ഈ വിമർശനം.
ഹരിയാനയിലും രാജസ്ഥാനിലും കേന്ദ്രത്തിലും തങ്ങളുടെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ രാഹുലിന്റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ വിവാഹം കഴിച്ച റോബർട്ട് വദ്രക്കെതിരായ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മൗനം വെടിയണമെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു. വദ്രക്കും മാതാവിനും ബന്ധമുള്ള കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ബിക്കാനീറിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം റദ്ദാക്കണമെന്ന ഹരജി രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.
ഇതൊരു കട്ടർ പാപ്പി പരിവാരം (അങ്ങേയറ്റം അഴിമതിനിറഞ്ഞ കുടുംബം) ആണ്. അഴിമതി നടത്തുകയും വദ്രക്ക് കൈമാറാൻ ഭൂമി തട്ടിയെടുക്കുകയും ചെയ്യുക മാത്രമാണ് അവരുടെ ജോലിയെന്ന് ഭാട്ടിയ ആരോപിച്ചു. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ അഴിമതിക്കേസുകളിൽ ജാമ്യത്തിലാണ്. അഴിമതിയോട് ഒട്ടും സഹിഷ്ണുത കാണിക്കാത്ത ഒരു സർക്കാരിന് ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നാഷണൽ ഹെറാൾഡ് കേസിൽ മുൻ കോൺഗ്രസ് അധ്യക്ഷൻമാരായ സോണിയാ ഗാന്ധിക്കും രാഹുലിനും എതിരായ അഴിമതി അന്വേഷണത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തെയും ഭാട്ടിയ വിമർശിച്ചു. ജാമ്യത്തിലിറങ്ങിയ ഒരാളെ ദൈവവുമായി താരതമ്യം ചെയ്യുന്നത് ഹിന്ദുക്കളുടെ മാത്രമല്ല സമൂഹത്തിന്റെയാകെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

