കോൺഗ്രസിന് പിന്തുണ ആവർത്തിച്ച് ലീഗ് നേതൃത്വം സോണിയക്ക് തങ്ങളുടെ കത്ത് കൈമാറി
text_fieldsപ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനുള്ള മുസ്‍ലിംലീഗിന്റെ പിന്തുണ ആവർത്തിച്ച് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത് പാർട്ടി എം.പിമാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയപ്പോൾ
ന്യൂഡൽഹി: കോൺഗ്രസിന് പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ ആവർത്തിച്ച് മുസ്‍ലിംലീഗ്. ജനാധിപത്യ സംരക്ഷണത്തിന്റെ പാതയിൽ ഏതു പ്രതിസന്ധിയെ നേരിടുന്നതിനും കോൺഗ്രസിന് മുസ്‍ലിം ലീഗ് ശക്തമായ പിന്തുണ നൽകുമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
സാദിഖലി ശിഹാബ് തങ്ങളുടെ കത്ത് ലീഗ് പാർലമെന്റ് പാർട്ടി നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി എംപി, നവാസ് ഗനി എം.പി എന്നിവർ സോണിയ ഗാന്ധിക്ക് കൈമാറി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റു കേന്ദ്ര ഏജൻസികളെയും രാഷ്ട്രീയമായി ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതിനെ കത്തിൽ അപലപിച്ചു.
ഒളിയജണ്ടകളാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഞെരിച്ചമർത്തുകയാണ്. നാടിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് തള്ളിക്കൊണ്ടു പോവുകയാണ്. സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും തോളോടു തോൾ ചേർന്ന് ഫാഷിസ്റ്റ് ചിന്താഗതിക്ക് എതിരായ രാഷ്ട്രീയ ചേരി ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് കത്തിൽ പറഞ്ഞു. ലീഗിന്റെ നിലപാടുകളിൽ സോണിയ ഗാന്ധി സന്തോഷം പ്രകടിപ്പിച്ചു. പ്രതിസന്ധി മറികടക്കുന്നതിൽ ലീഗിന്റെ സമീപനം കൂടുതൽ ആർജവം നൽകുന്നുവെന്ന് സോണിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

