അനധികൃത താമസം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പുറത്തായത് സൗദിയിൽനിന്ന്
text_fieldsന്യൂഡൽഹി: ഈ വർഷം ഏറ്റവും കൂടുതൽ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയിൽനിന്ന്. വിദേശ മന്ത്രാലയം രാജ്യസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോർട്ട് പ്രകാരം 2025ൽ 81 രാജ്യങ്ങളിൽ നിന്നായി ആകെ 24,600 ഇന്ത്യക്കാരാണ് പുറത്താക്കപ്പെട്ടത്. സൗദി അറേബ്യയിൽ നിന്ന് 11,000ത്തിലധികം പേരെയാണ് പുറത്താക്കിയത്. അതേസമയം, അമേരിക്കയിൽനിന്ന് ഈ വർഷം പുറത്താക്കിയത് 3,800 ഇന്ത്യക്കാരെയാണ്.
ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടത് യു.കെയിൽനിന്നാണ്. ഈ വർഷം 170 പേരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. ആസ്ട്രേലിയയിൽനിന്ന് 114 ഉം, റഷ്യയിൽനിന്ന് 82 ഉം, അമേരിക്കയിൽനിന്ന് 45 ഉം വിദ്യാർഥികളാണ് നാടുകടത്തപ്പെട്ടത്. മ്യാന്മർ, യു.എ.ഇ, ബഹ്റൈൻ, മലേഷ്യ, തായ്‌ലൻഡ്, കംബോഡിയ മുതലായ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞും താമസം തുടർന്നത്, സാധുതയുള്ള വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്തത്, തൊഴിൽ ചട്ടങ്ങളുടെ ലംഘനം, ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നത് എന്നിങ്ങനെയുള്ള പൊതുവായ കാരണങ്ങളാണ് പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള നാടുകടത്തലിനുള്ളത്.
ഇന്ത്യയിൽനിന്ന് തൊഴിൽതേടി ധാരാളം പേർ എത്തുന്ന ഗൾഫ് രാജ്യങ്ങളിൽ ഇത്തരം നടപടികൾ സാധാരണമാണ്. പ്രാദേശിക നിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്‌മയും പലപ്പോഴും കുടിയേറ്റക്കാർ അബദ്ധത്തിൽ പെടുന്നതിന് ഇടയാക്കാറുണ്ട്. മിക്ക കേസുകളിലും ഏജന്‍റുമാർ നടത്തുന്ന തട്ടിപ്പിന് ഇരയാകപ്പെടുന്നവർക്കാണ് ഇത്തരം നടപടികൾക്ക് വിധേയാരാകേണ്ടി വരുന്നത്.
എന്നാൽ മ്യാന്മർ, കംബോഡിയ മുതലായ രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. സൈബർ അടിമത്തമാണ് പ്രശ്നം. അവിടത്തെ സൈബർ കുറ്റകൃത്യങ്ങൾ ശതകോടികളുടെ തട്ടിപ്പ് ബിസിനസുമായി ബന്ധപ്പെട്ടുള്ളതാണ്. വൻ പ്രതിഫലമുള്ള തൊഴിൽ വാഗ്‌ദാനം ചെയ്താണ് ഇന്ത്യക്കാരെ വശീകരിച്ച് ചതിയിൽ പെടുത്തുന്നത്. അവർ അനധികൃത തൊഴിലുകളിൽ ഏർപ്പെടാൻ നിർബന്ധിതരാകുകയും, നിയമത്തിന്‍റെ നൂലാമാലകളിൽ പെട്ടുപോകുകയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്യും. കുടിയേറുന്ന രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് തൊഴിലാളികളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് തെലങ്കാന ഓവർസീസ് മാൻപവർ കമ്പനിയുടെ നാഗ ഭരാനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

