Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകണ്ണീരുടലാർന്നവർ;...

കണ്ണീരുടലാർന്നവർ; കണ്ണീര് വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങളുടെ നാട്

text_fields
bookmark_border
കണ്ണീരുടലാർന്നവർ; കണ്ണീര് വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങളുടെ നാട്
cancel

ഇതൊരു വിലാപകാവ്യമാണ്. ഉള്ളിലുറഞ്ഞ കണ്ണീരിനെ ജീവിക്കാനായി കൃത്രിമവിലാപങ്ങളിലൂടെ പുറത്തേക്കൊഴുക്കുന്ന ഒരുകൂട്ടം അമ്മമാരുടെ വിലാപകാവ്യം...

''ഇനക്ക് എൻട്രും

എനക്ക് വായ്ച്ച എല്ലാമേ

എനക്ക് ഇൻകേ ഒരുക്കിവെച്ച്

എനക്ക് ആറ് ഏസുവേറും

എനക്ക് ഇറന്ത കൂടലവേ

എനക്ക് ഒരു മയ്ന്തനെന്തേ

എെൻറ സണ്ടാല സീമയിലേ

എന്നെ പേസീ മാളെ''..

രാജാപാളയത്തെ മരണവീട്ടിൽ പാണ്ടിയമ്മാളും സംഘവും ഇരുന്ന് ആർത്തലച്ച് പാടുകയാണ്. ഇടക്കിടക്ക് നെഞ്ചത്തടിച്ച് നിലവിളിക്കും. ചിലപ്പോൾ താഴെക്കിടന്ന് ഉരുളും. വിരഹത്തിെൻറ നൊമ്പരം മുഴുവൻ ഉള്ളിൽപ്പേറിയുള്ള കരച്ചിൽ കണ്ടുനിൽക്കുന്നവരുടെയും കണ്ണ് നനയിക്കും. അവരും ചിലപ്പോൾ കരയുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ കൂടും.



മരിച്ചയാളുടെ ചേതനയറ്റ ദേഹവും പേറി ബന്ധുക്കൾ ചുടുകാട്ടിലേക്ക് നടന്നകന്നപ്പോൾ അന്നത്തെ കൂലിയും കണക്കുപറഞ്ഞ് വാങ്ങി പാണ്ടിയമ്മാൾ കയ്യിലൊരു പ്ലാസ്റ്റിക് കവറും ചുരുട്ടിപ്പിടിച്ച് ഉസിലംപെട്ടിയിലെ വീട്ടിലേക്ക് പോകാനായി ഞങ്ങളെയും കൂട്ടി പ്രധാന നിരത്തിലേക്ക് നടന്നു. കണ്ണീരുടലാർന്ന് നടന്നുവരുംപോലെ...

മുക്കുവന് കടൽകാണാനാവിെല്ലന്നൊരു ചൊല്ലുണ്ട്. അയാൾക്ക് കടൽ കേവലമൊരു കാഴ്ചയല്ല. ജീവിതം തന്നെയാണ്. അയാളാണ് കടൽ. മരണവീടുകളിൽ മാറത്തലച്ച് കരഞ്ഞുപാടുന്ന ഈ പെണ്ണുങ്ങൾക്കും ഒന്ന് സങ്കടപ്പെട്ട് സ്വന്തം ആവശ്യത്തിന് കരയാനാകാറില്ല. കണ്ണീരൊക്കെ അളന്നുതൂക്കി വിറ്റ് അന്നന്നത്തെ അന്നത്തിനുള്ള വക തേടിയിരുന്ന അവർക്ക് ഇനി ഒന്ന് സ്വന്തം കാര്യത്തിന് സങ്കടപ്പെടാൻ കണ്ണീർ ഗ്രന്ഥികൾ അധികം പണിയെടുക്കേണ്ടിവരും.

മരണവീടുകളിൽ നിന്ന് മരണവീടുകളിലേക്ക് അവരിങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കണ്ണീരിെൻറയും ദുഃഖത്തിെൻറയും ഉടൽപ്പിറപ്പുകളാണവർ. മരണം കൊണ്ടു മാത്രം ജീവിതത്തിനേക്കുള്ള ഉപ്പുതേടുന്നവർ. മരണവീടുകളിലെത്തി ഉറ്റവർക്ക് പകരമായി കൂലിക്ക് നെഞ്ചലത്തലച്ച് കരഞ്ഞുനിലവിളിക്കലാണിവരുടെ തൊഴിൽ. രാജസ്ഥാനിൽ ഇവരെ റുദാലി എന്ന് വിളിക്കും. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും ഈ വിഭാഗം വ്യാപകമായുണ്ട്. മാറാടിപ്പാട്ടുകാർ, ഒപ്പാരി സംഘം എന്നൊക്കെയാണ് അറിയപ്പെടുന്നത്.


മധുര ജില്ലയിലെ ഉസിലംപെട്ടി നഗരത്തിലും സമീപ ഗ്രാമങ്ങളിലുമാണ് ഒപ്പാരി പാട്ടുസംഘങ്ങൾ സജീവമായുള്ളത്. ഉന്നതജാതിക്കാർ മരിച്ചാൽ അവരുടെ വീട്ടിൽ മരണാനന്തര ചടങ്ങു തീരും വരെ മാറത്തലച്ച് കണ്ണീരൊലിപ്പിച്ച് പാടണം. ഉസിലംപെട്ടി എളമളൈ പേച്ചിയമ്മ, വണ്ണാമ്പട്ടി പാർവ്വതി, ഉസിലംപട്ടി പാർവ്വതിയമ്മാൾ എന്നിവരാണ് ഈ തലമുറയിലെ ഏറ്റവും മുതിർന്ന ഒപ്പാരി പാട്ടുകാർ.

അടുത്ത തലമുറ ഈ കണ്ണീർ തൊഴിൽ ഏറ്റെടുക്കാൻ ഇനിയും മുതിർന്നിട്ടില്ല. കരയാനാളില്ലാതെ ശവവും പേറി ഉറ്റവർ ആശങ്കപ്പെടുന്ന ദിനങ്ങളാണ് ഇനി തമിഴ് മണ്ണിൽ വരാൻ പോകുന്നതെന്ന് നടത്തത്തിന് വേഗത കൂട്ടി പാണ്ടിയമ്മാൾ പറഞ്ഞു. ഒപ്പാരി പാടൽ എന്ന തമിഴ് ആചാരത്തിെൻറ അവസാന കണ്ണികളാണ് ഈ മൂന്നുപേർ. ഇതിനിടെ ദൂരം താണ്ടി ഞങ്ങൾ ഉസിലംപെട്ടി നഗരാതിർത്തിയിലുള്ള പാണ്ടിയമ്മാളിെൻറ 1500 രൂപ വാടകയുള്ള ഒറ്റമുറി വീട്ടിലെത്തി. വേഗം അടുക്കളയിൽ കയറി കുടിക്കാൻ ഒരു കൂജ നിറയെ പച്ചവെള്ളം കൊണ്ടുത്തന്നു.

27 വർഷമായി ഒപ്പാരി പാടൽ തൊഴിലായി സ്വീകരിച്ച പാണ്ടിയമ്മാൾ അവരുടെ ജീവിതം പറഞ്ഞുതുടങ്ങി. 43 വയസായി പാണ്ടിയമ്മാൾക്ക്. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്ന് ഒപ്പാരി സംഘത്തിലെ കലാകാരൻ അശോകനെ വിവാഹം കഴിച്ചു. തമിഴ്നാട്ടിലെ ഉയർന്ന ജാതിയായ നായ്ക്കർ ജാതിയിലാണ് പാണ്ടിയമ്മാൾ ജനിച്ചത്. അശോകനാകട്ടെ കുറവർ ജാതിയും. ഇതേ തുടർന്ന് ബന്ധുക്കൾ അടുപ്പിക്കാതെയായി. അങ്ങനെ വീട്ടിൽനിന്നും പുറത്തായി.



ആദ്യവിവാഹത്തിലെ മകൾ വിവാഹം കഴിച്ച് ചെന്നൈയിൽ താമസിക്കുന്നു. മകൻ സുരേഷ് ഒരു സ്വകാര്യ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. മില്ലിെൻറ ഷാഫ്റ്റിൽ കൈ കുടുങ്ങി ഒരു കൈപ്പത്തി നഷ്ടപ്പെട്ടു. പാണ്ടിയമ്മാൾ ഇപ്പോൾ സിനിമയിലും തമിഴ് സീരിയലിലും ഒക്കെ അഭിനയിക്കുന്നുണ്ട്. ഇടവേളകളിൽ പ്രമുഖ ഒപ്പാരി വിദ്വാൻ രാമൻ നയിക്കുന്ന ഒപ്പാരി സംഘത്തിൽ പാടാനും പോകും. ജാതിവെറി പൂണ്ടുനിന്ന തമിഴ് ഗ്രാമങ്ങളിൽ പണ്ട് ഒപ്പാരിക്ക് പോയിരുന്ന കാര്യം ഓർക്കാൻ തന്നെ ഭയമാണെന്ന് അവർ പറയുന്നു. രാമനിൽ നിന്നാണ് പാണ്ടിയമ്മാൾ ഒപ്പാരി വായ്ത്താരികൾ മനഃപാഠമാക്കിയത്.

കീഴ് ജാതിക്കാരാണ് ഒപ്പാരി അവതരണത്തിന് എത്തുക. സാമ്പത്തിക ശേഷിയും സമൂഹത്തിൽ ഉന്നതിയിലും ഉള്ള ഉയർന്ന ജാതിക്കാരാകും വീട്ടിൽ മരണം സംഭവിച്ചാൽ ഒപ്പാരി സംഘത്തെ പാടാൻ ക്ഷണിക്കുക. മൃതദേഹം വീടിനുള്ളിൽ കിടത്തും. ഒപ്പാരി പാടാനെത്തുന്ന സ്ത്രീകളെ പുറത്ത് വെറുംനിലത്ത് ചാക്ക് വിരിച്ച് അതിലിരുത്തും. വൈകുന്നേരങ്ങളിലാണ് മരണം സംഭവിച്ചതെങ്കിൽ അടക്കം വരെ വെറും നിലത്തിരുന്ന് മഴയും വെയിലുമേറ്റ് പാടണം. ദാഹിച്ച് വെള്ളം ചോദിച്ചാൽ പാത്രത്തിൽ കൊണ്ടുവന്ന് ഉയർത്തിപ്പിടിച്ച് ൈകകളിലേക്ക് ഒഴിച്ചുകൊടുക്കും.

25 രൂപയായിരുന്നു അന്ന് രാവും പകലും മാറത്തലച്ച് പാടിയൽ കൂലിയായി കിട്ടുക. മൃതദേഹം കാണാൻ എത്തുന്ന ആരെയും സ്പർശിക്കാൻ പോലും പാടില്ല. മുറ്റത്തിരുന്ന് പാടി തിരിച്ചു പൊക്കോണം. ചില സ്ഥലങ്ങളിൽ കരഞ്ഞു തളർന്ന് ശക്തി കുറയുേമ്പാൾ ബന്ധുക്കൾ വഴക്കുമായി എത്തും. കരച്ചിലിന് ശക്തിപോരാ, നെഞ്ചത്തടിക്കുന്നതിന് ഊക്ക് പോരാ എന്നൊക്കെ പറഞ്ഞ് പരാതി പറയും. അപ്പോൾ ഇല്ലാത്ത ഊർജം സംഭരിച്ച് ആർത്ത് നിലവിളിക്കണം. ഇല്ലേൽ കൂലിയിൽ കുറവ് വരുത്തും. മരണവീട് സന്ദർശിക്കുന്നവർക്ക് ഇതുകേട്ടാൽ കരച്ചിൽ വരണം എന്നാണ് നിയമം.

കുടുംബ ബന്ധത്തിൽ ആരു മരിച്ചാലും അവർക്കൊക്കെ വേണ്ട പാട്ട് മനഃപാഠമാക്കി വെക്കണം. 14 പേരടങ്ങുന്ന സംഘമാണ് ഒപ്പാരി അവതരിപ്പിക്കുക. ഏഴുപേർ സംഗീത ഉപകരണങ്ങൾ വായിക്കും. ബാക്കിയുള്ളവർ അഭിനേതാക്കളാണ്. ഒരു കോമാളിയും രണ്ട് രാജാപാർട്ട് വേഷക്കാരും കാണും. രണ്ട് പേർ പെൺവേഷം കെട്ടിയ ആണുങ്ങളായിരിക്കും.

ഒരാൾ ഒപ്പാരി പാടും. ഒരാൾ നേതൃസ്ഥാനത്ത് നിന്ന് പരിപാടി നയിക്കും. എല്ലാവരുടെ പരിപാടികളുടെ ഇടവേളകളിലും ഒപ്പാരി ഗായിക പാടിക്കൊണ്ടിരിക്കണം. ഒപ്പാരി സംഘത്തെ മരണവേളകളിൽ നിർബന്ധമായും വിളിക്കുന്നത് കള്ളർ സമുദായക്കാരാണ്. പറയർ, മറവർ, അരുന്ധതീയർ, പണ്ടാരം എന്നീ ജാതിക്കാരാണ് ഒപ്പാരി പാടാനായി സാധാരണ പോകുന്നത്.

വീട്ടിൽ ഏതുവേഷത്തിൽനിൽക്കുേമ്പാഴാണോ മരണവിവരം അറിയുന്നത് അപ്പോൾ തന്നെ പോയി കരച്ചിൽ തുടങ്ങുമെന്ന് പാണ്ടിയമ്മാൾ പറയുന്നു. തുടർമരണങ്ങളിൽ കണ്ണീരുറഞ്ഞുപോയ ദിനങ്ങളുണ്ടെന്ന് അവർ ഓർത്തെടുത്തു. ഒരിക്കൽപോലും സ്വന്തം സങ്കടങ്ങൾ ഓർത്ത് കരഞ്ഞിട്ടില്ല. ഒന്നു കരയണമെന്ന് ഉള്ളിൽ തോന്നിയാൽപോലും അതിന് കഴിയാറില്ല.



അത്രമേൽ കണ്ണീർ കൂലിക്കായ് ഒഴുക്കിക്കളഞ്ഞിട്ടുണ്ടെന്ന് അവർ പറയുന്നു. വയസായി വരുന്നു. അംഗവൈകല്യം ബാധിച്ച മകനും ഭർത്താവിനും താൻ മാത്രമേ സ്വന്തമായുള്ളൂ. ഇപ്പോഴും തൊഴിലെടുത്ത് ജീവിക്കുന്നു. പ്രായമായി വരുന്നു. ഇനിയും തൊണ്ടപൊട്ടുമാറുച്ചത്തിൽ മാറത്തലച്ച് പാടാൻ കഴിയുമെന്ന് തോന്നുന്നില്ല. പുതിയ മക്കൾ ഇത് പഠിച്ച് മുന്നോട്ടുവരാനും ഒരുക്കമല്ല. എങ്കിലും എട്ടടി വീട്ടിലേക്ക് അന്ത്യയാത്രക്കൊരുങ്ങും വരെ എനിക്കീ കണ്ണീർ ഒഴുക്കിയേ മതിയാകൂ. ഒടുക്കം എനിക്ക് വേണ്ടി കരയാൻ ആരുമില്ലെന്നറിയാം. എന്നിരിക്കിലും...

''എട്ടടീ വീടിരുക്ക്

ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്

ഇന്തടഞ്ചൈ സുടുകാട്

നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ

പത്തടി വീടിരുക്കെ

പടുക്ക മെത്തെയ് ഇങ്കിറുക്കെ

പാടടച്ച സുടുകാട്

പടുക്ക മണം തേടിട്ടിങ്കെ...''

പാണ്ടിയമ്മാൾ ഒപ്പാരി പാടിനിർത്തി.

ഒപ്പാരിയെ കുറിച്ച്...

തമിഴ് വംശജരുടെ ഇടയിൽ മരണാന്തര ആചാരമായി കണ്ടുവരുന്ന ഒരുതരം നാടോടി ശോകഗാനമാണ് ഒപ്പാരി. ഒരാൾ മരിച്ചുകഴിഞ്ഞാൽ സ്ത്രീകൾ ചുറ്റിലുമിരുന്ന് മരിച്ചയാളുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുന്ന ചടങ്ങാണിത്. പണ്ടുകാലങ്ങളിൽ മരിച്ചയാളുടെ ബന്ധുക്കൾ തന്നെയായിരുന്നു ഒപ്പാരി പാടിയിരുന്നത്. പിൽക്കാലത്ത് ഇതൊരു കുലത്തൊഴിലായി മാറി.

മരിച്ചയാളുടെ വ്യക്തിപരവും കുടുംബപരവുമായ മേന്മകളും വിവരങ്ങളും പാട്ടുരൂപത്തിൽ കോർത്തിണക്കി നെഞ്ചത്തടിയും നിലവിളിയുമായി വാദ്യഘോഷ അകമ്പടിയോടെ നാടകീയമായാണ് ഒപ്പാരി അവതരിപ്പിക്കുന്നത്. പഴഞ്ചോല്ലുകൾ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന പ്രസ്തുത ഗാനശാഖ തമിഴ് സംസ്ക്കാരത്തിെൻറ തന്നെ ശേഷിപ്പാണ്. പിൽക്കാലത്ത് തമിഴ് ദലിതരുടെ കുലത്തൊഴിലായി ഒപ്പാരി മാറി. മാറാടിപ്പാട്ട് (മാറത്തടിച്ച് നിലവിളിച്ച് പാടുന്ന പാട്ട്) എന്നും ഇതിന് വിളിപ്പേരുണ്ട്. മരിച്ചയാളുടെ വിധവയുടെ കെട്ടുതാലി അറുക്കുമ്പോഴും വിരലുകളിലെ മോതിരം ഊരുമ്പോഴും ശവശരീരം ശ്മശാനത്തിലേക്ക് എടുക്കുമ്പോഴും വ്യത്യസ്ത രീതികളിൽ ഒപ്പാരി അവതരിക്കുന്നു.

തമിഴ്നാട്ടിലെ 'ഒപ്പാരി പാടൽ' പോലൊന്ന് ചൈനയിലും ഉണ്ടായിരുന്നു. മരിച്ചവർക്കു വേണ്ടി കരയാൻ വാടകയ്ക്കെടുക്കുന്ന കരച്ചിലുകാർ. യിവു ലിയാവോ എഴുതിയ "The Corpse Walker" എന്ന പുസ്തകത്തിൽ നിന്ന്:

"ഒരു പരിചയവുമില്ലാത്ത ഒരാൾ മരിച്ചാൽ കരയാനും നിലവിളിയ്ക്കാനും എങ്ങനെ കഴിയുന്നു?"

"പന്ത്രണ്ടാം വയസിലാണ് ഞാൻ ഇതു തൊഴിലായി സ്വീകരിച്ചത്. എെൻറ അദ്ധ്യാപകൻ എനിക്ക് സുവോനയിലെ(ഷഹനായ് പോലെ ഒന്ന്) ഈണങ്ങൾ പറഞ്ഞു തന്നതിനൊപ്പം എങ്ങനെ നിലവിളിയ്ക്കണമെന്നും എങ്ങനെ എണ്ണിപ്പെറുക്കി കരയണമെന്നും പറഞ്ഞു തന്നു. ഞങ്ങളുടെ കരച്ചിൽ മരിച്ചയാളുടെ മക്കളുടെയും ബന്ധുക്കളുടെയും കരച്ചിലിനേക്കാൾ സത്യസന്ധമാണ്‌ എന്നു കാണുന്നവർക്കു തോന്നും. ബന്ധുക്കൾ മൃതശരീരം കാണുമ്പോൾ കരയാൻ തുടങ്ങും. പക്ഷെ കരച്ചിൽ തുടരാൻ അവർക്കു പറ്റില്ല. പെട്ടെന്നു തന്നെ അവരെ ദുഃഖം കീഴടക്കും. ഞങ്ങൾക്ക് എത്ര നേരം വേണമെങ്കിലും കരച്ചിൽ തുടരാനാവും.

ഞങ്ങളുടെ കരച്ചിലിെൻറ ഈണങ്ങൾ നൂറ്റാണ്ടുകൾക്കു മുന്നേ ചിട്ടപ്പെടുത്തിയതാണ്. ഇതിലെ ഈണങ്ങളെല്ലാം തലമുറ തലമുറകളായി ഞങ്ങൾക്ക് കൈമാറിക്കിട്ടിയതാണ്. ഈ ഈണങ്ങളിൽ എപ്പോഴാണ് ശബ്ദമുയർത്തി കരയേണ്ടതെന്നും എപ്പോഴാണ് ശബ്ദം താഴ്ത്തി കരയേണ്ടതെന്നും എപ്പോഴാണ് ഇടറിയ ശബ്ദത്തിൽ കരയേണ്ടതെന്നും വരണ്ട തൊണ്ടയോടെ കരയേണ്ടതെന്നും എപ്പോഴാണ് കണ്ണീരില്ലാതെ കരയേണ്ടതെന്നും ദുഃഖം കൊണ്ടു ശരീരം വിറപ്പിച്ചു കരയേണ്ടതെന്നും എപ്പോഴാണ് ശബ്ദമില്ലാതെ കരയേണ്ടതെന്നും വ്യവസ്ഥകളുണ്ട്.

ഞങ്ങൾ പൊതുവേ പാടാറുള്ള വരികളുമുണ്ട്. "ഇത്ര അദ്ധ്വാനശീലനായ നിങ്ങൾ പോയല്ലോ…", "നല്ല ദിനങ്ങൾ വന്നപ്പോൾ ഞങ്ങളെ വിട്ടു പോവാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു…" എന്നൊക്കെയാണ് ആ വരികൾ. സൂക്ഷിച്ചു നോക്കിയാൽ കരച്ചിലിന് ഒരു രീതിയുണ്ടെന്നു കാണാം. നിങ്ങൾ വിതുമ്പുമ്പോൾ ഞാൻ ഉറക്കെ നിലവിളിയ്ക്കണം. ഞാൻ വിതുമ്പുമ്പോൾ നിങ്ങൾ ഉറക്കെ നിലവിളിയ്ക്കണം. നിങ്ങൾ വിശ്രമിക്കുമ്പോൾ ഞാൻ എെൻറ ഷിഫ്റ്റ് തുടങ്ങുന്നതു പോലെ.

ഇതൊരു പ്രകടനമാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് പ്രധാന അഭിനേതാക്കൾ. പക്ഷെ ദുഃഖം കാരണം അവർക്ക് ഒന്നും ചെയ്യാനാവാതെ വരും. അവർ രംഗം വിടും. അപ്പോഴാണ്‌ സഹനടന്മാരായ ഞങ്ങൾ രംഗം ഏറ്റെടുക്കുക. വാടകയ്ക്കെടുക്കുന്ന കരച്ചിലുകാരാണ് അവസാനം വരെ രംഗത്തുണ്ടാവുക."ഒപ്പാരിയെ ചുരുക്കി മേൽപറഞ്ഞതുപോലെ പറയാനാകും. തമിഴ് ഗ്രാമങ്ങളിൽ ഇന്നും മരണവീടുകളിൽ ചടങ്ങുകൾ പൂർത്തിയാകാൻ ഇവർ വന്ന് മാറത്തടിച്ച് കരയണം.

സി.പി.ഐ തമിഴ്നാട് ഘടകത്തിെൻറ കീഴിലുള്ള 'സെങ്കതിർ' എന്ന കൾച്ചറൽ ടീമിെൻറ തെരുവ് പ്രോഗ്രാം അവതരിപ്പിക്കുന്ന 'വിയർവൈ' ആണ് ഇപ്പോൾ ഒപ്പാരി പോലെയുള്ള തമിഴ് പാരമ്പര്യ കലകൾ കൊണ്ടുനടക്കുന്നത്. അതിെൻറ അണിയറ ശിൽപിയാണ് ജയകുമാർ. തമിഴിൽ അന്യം നിൽക്കുന്ന അടിസ്ഥാന വർഗത്തിെൻറ കലകൾ കണ്ടെടുത്ത് ജാതിവെറിയെ തോൽപിക്കുന്നതിനായി പൊതുഇടങ്ങളിൽ അവതരിപ്പിക്കുകയാണ് വിയർവൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamizhnadwomen cryersmourners
News Summary - The land of women who live by tears
Next Story