സന്യാസിമാർ നിർദേശിച്ചാൽ കുംഭമേള അവസാനിപ്പിച്ചേക്കും
text_fieldsകുംഭമേളയിൽ പ്രാർത്ഥന നടത്താൻ ഹരിദ്വാറിലെ ഹർ കി പൗരി ഘട്ടിൽ ഒത്തുകൂടിയ ഭക്തർ
ഡെറാഡൂൺ: കോവിഡ് പെരുകുന്ന സാഹചര്യത്തിൽ, സന്യാസിമാരിൽനിന്ന് നിർദേശം വന്നാൽ ഉത്തരാഖണ്ഡ് സർക്കാർ കുംഭമേള പാതിവഴിയിൽ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സന്യാസിമാരുടെ ഉന്നത സമിതിയായ 'അഖാഡ പരിഷദ്' ആണ് ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കേണ്ടത്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖ സന്യാസി കൂട്ടായ്മയായ 'നിരഞ്ജനി അഖാഡ' തങ്ങളുെട അംഗങ്ങൾ ശനിയാഴ്ച തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 'ആനന്ദ് അഖാഡ'യും ശനിയാഴ്ച കുംഭമേള അവസാനിപ്പിക്കുകയാണ്. ഹരിദ്വാറിൽ കഴിഞ്ഞ ദിവസം 600 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കുംഭമേള ഈ മാസം അവസാനമാണ് അവസാനിക്കേണ്ടത്. ചില അഖാഡകൾ പിൻവാങ്ങാൻ തീരുമാനിച്ചെങ്കിലും ഉത്തരാഖണ്ഡ് മന്ത്രി ബൻസിധർ ഭഗത് ഉൾപ്പെടെ ചിലർ കുംഭമേള തുടരുമെന്നാണ് പറയുന്നത്.

