ജുഡീഷ്യൽ കമീഷൻ അന്വേഷണം തുടങ്ങി കമീഷൻ റിപ്പോർട്ട് നോക്കി നടപടിയെന്ന് -സ്റ്റാലിൻ
text_fieldsതമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: കരൂർ ദുരന്തത്തിൽ ജുഡീഷ്യൽ കമീഷൻ അന്വേഷണം ഞായറാഴ്ച വൈകീട്ട് തുടങ്ങി. ദുരന്തം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട് സർക്കാർ റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചിരുന്നു. കരൂർ വേലുച്ചാമിപുരത്തെ പൊതുയോഗ സ്ഥലവും സമീപ പ്രദേശങ്ങളും ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു.
പിന്നീട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മൊഴിയെടുത്തു. പൊതുജനങ്ങളുമായും അവർ സംസാരിച്ചു. അതിനിടെ , അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന ബി.ജെ.പി ചെന്നൈ കോർപറേഷൻ കൗൺസിലർ ഉമ ആനന്ദ് സമർപ്പിച്ച ഹരജി ജസ്റ്റിസ് ശെന്തിൽകുമാർ തള്ളി.ഏകാംഗ ജുഡീഷ്യൽ കമീഷന്റെ റിപ്പോർട്ടിലൂടെ യാഥാർഥ്യം പുറത്തുവരുമെന്നും അതിന് അനുസൃതമായി ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
കരൂർ ഗവ. ആശുപത്രിയിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ ആദരാഞ്ജലിയർപ്പിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ദുഃഖത്തോടെയും ഹൃദയഭാരത്തോടെയുമാണ് കരൂരിലെത്തിയത്. ഇത്തരമൊരു സംഭവം ഇനിയും ആവർത്തിക്കരുത്. അന്വേഷണ നടപടികളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
20 ലക്ഷം വീതം പ്രഖ്യാപിച്ച് വിജയ്
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകുമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ് അറിയിച്ചു. പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാറും രണ്ടുലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരന്തബാധിതർക്ക് മൊത്തം ഒരു കോടി രൂപ നൽകുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ശെൽവപെരുന്തകൈ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

