ഇൻഡ്യ മുന്നണി ശോഷിച്ച് മുന്നോട്ട്
text_fieldsഇൻഡ്യ മുന്നണി യോഗത്തിനെത്തിയ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആലിംഗനം ചെയ്യുന്നു
ന്യൂഡൽഹി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യത്തിലെ പാർട്ടികളിൽ തമ്മിൽ ഉരുണ്ടുകൂടിയ പരാതികളും പരിഭവങ്ങളും പറഞ്ഞുതീർത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ ഇൻഡ്യാ സഖ്യം. പ്രവർത്തനം കൂടുതൽ വ്യവസ്ഥാപിതമാക്കാൻ രണ്ടു മാസത്തിലൊരിക്കൽ ഒരുമിച്ചിരിക്കാൻ തീരുമാനിച്ചു. മുന്നണിക്കുള്ളിലെ വിള്ളലുകൾ തീർക്കാനും ബി.ജെ.പിക്കെതിരെ പുതിയ തന്ത്രങ്ങൾ രൂപവത്കരിക്കാനും മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് പരസ്പരം കേട്ട് ഭിന്നതകൾ പറഞ്ഞുതീർത്തത്.
ഡി.എം.കെയും ആം ആദ്മി പാർട്ടിയും വിട്ടുനിന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഡി.രാജ, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി, ജോൺ ബ്രിട്ടാസ്, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, പി.സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ് തുടങ്ങി 23 കക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ജെ.എം.എം അധ്യക്ഷൻ ഹേമന്ത് സോറൻ എന്നിവർ ഓൺലൈനിൽ യോഗത്തിന്റെ ഭാഗമായി.
മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി. വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടും തെരഞ്ഞെടുപ്പ് അട്ടിമറിയും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഉടൻ സംയുക്ത കത്തയക്കാനും യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

