ചങ്ങലയിൽ ബന്ധിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവം; ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
text_fieldsന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാടുകടത്തിയ സംഭവം ആശങ്ക ഉയർത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. കഴിഞ്ഞദിവസം104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിൽ ഇന്ത്യക്കാരെ കാലിൽ ചങ്ങലയിൽ ബന്ധിച്ച രീതിയിൽ കൊണ്ടു വന്നത് രാജ്യ വ്യാപകമായി കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു.
96 ഇന്ത്യക്കാരുടെ മറ്റൊരു സംഘം യു.എസിൽ നിന്ന് പുറപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയുടെ പ്രസ്താവന. നാടുകടത്തപ്പെട്ടവരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ യു.എസ് അധികാരികളുമായി തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ ഇന്ത്യക്കാരോടുള്ള മനുഷ്യത്വ രഹിതമായ യു.എസ് സമീപനത്തോട് പ്രതികരിക്കവേ ‘പ്രതിഷേധം’ എന്ന വാക്ക് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം ഉപയോഗിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
40 മണിക്കൂർ നീണ്ട വിമാനയാത്രയിൽ ഭക്ഷണം കഴിക്കുമ്പോഴും ശുചിമുറി ഉപയോഗിക്കുമ്പോഴും യാത്രക്കാരെ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. യാത്രയിലുടനീളം കടുത്ത ദുരിതം അനുഭവിച്ച ഇന്ത്യക്കാരുടെ വിവരം പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്ര സർക്കാർ പാർലമെന്റിലടക്കം കടുത്ത വിമർശനം നേരിട്ടിരുന്നു. നാടുകടത്തലിനായി 203 പേരുടെ പട്ടിക യു.എസ് ഇന്ത്യക്ക് ആദ്യഘട്ടത്തിൽ നൽകിയിരുന്നുവെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു.
ഇതിൽ 104 പേരുടെ ആദ്യ ബാച്ച് ബുധനാഴ്ച എത്തി. ഇനി 96 പേരുടെ അടുത്ത സംഘം ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂംബെർഗ് ന്യൂസിന്റെ കണക്ക് പ്രകാരം അമേരിക്കയിൽ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

