വീടിന് തീപിടിച്ചു; ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ ശ്വാസംമുട്ടി മരിച്ചു
text_fieldsന്യൂഡൽഹി: വീടിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു. ദ്വാരകയിലെ പ്രേം നഗറിൽ പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഹീരാ സിംഗ് കക്കർ (48), ഭാര്യ നീതു (40), മക്കളായ റോബിൻ (22), ലക്ഷയ് (21) എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ രണ്ട് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
ഇൻവെർട്ടറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് ഇരുനില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചത്. ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ അഗ്നിശമന സേന ഗേറ്റ് തകർത്താണ് അകത്ത് കയറിയത്.
നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മിനിറ്റുകൾക്കുള്ളിൽ തീ അണച്ചെങ്കിലും വീടിനുള്ളിൽ പുക നിറഞ്ഞിരുന്നു. ഹീരാ സിംഗ് കക്കറിന്‍റെ അമ്മ സീതാ ദേവി താഴത്തെ നിലയിലായിരുന്നതിനാൽ തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. അവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

