കൂളറിനു മുന്നിൽ വരന്റെ കൂട്ടുകാർ ഇരുന്നു; പാടില്ലെന്ന് വധുവിന്റെ ആൾക്കാർ, പിന്നെ കല്യാണവീട്ടിൽ നടന്നത് പൊരിഞ്ഞ അടി -വിഡിയോ
text_fieldsത്സാൻസി (ഉത്തർപ്രദേശ്): വിവാഹ വീട്ടിൽ വെച്ച കൂളറിനു മുന്നിൽ വരന്റെ കൂടെ വന്നവർ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കം കലാശിച്ചത് കൂട്ട അടിയിൽ. ഉത്തർ പ്രദേശിലെ ത്സാൻസിയിലെ നന്ദൻപുര പ്രദേശത്താണ് സംഭവം.
വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് അനിഷ്ട സംഭവം നടന്നത്. മേയ് 28ന് നടന്ന ആവാസ് വികാസ് നിവാസിയായ സോനുവിെൻറയും ഗണേഷി റൈക്വാറിന്റെ മകൾ സപ്നയുടെയും വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം. വധു വരൻമാർക്ക് മാത്രമായി ഒരുക്കിയതായിരുന്നു കൂളർ. അവടെ ഇരുന്ന വരന്റെ കൂട്ടുകാരോട് മാറണമെന്ന് വധുവിന്റെ വീട്ടിലെ അംഗങ്ങൾ പറഞ്ഞു.
വരന്റെ കൂട്ടുകാർ ആവശ്യം ചെവിക്കൊണ്ടില്ല. തുടർന്ന് തർക്കമായി. തർക്കം മൂത്തപ്പോൾ ഇരുകൂട്ടരും കസേരകൾ എടുത്തു പരസ്പരം ഏറു തുടങ്ങി. അലങ്കരിച്ച പാത്രങ്ങൾ വായുവിൽ പറന്നു നടന്നു. സംഘർഷത്തിൽ പങ്കുചേർന്ന ഏതാനും നാട്ടുകാരും വരന്റെ കൂട്ടുകാരെ ആക്രമിക്കാൻ തുടങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. അതിഥികൾ ഭക്ഷണം ഉപേക്ഷിച്ച് ഓടാൻ തുടങ്ങിയതോടെ പരിഭ്രാന്തി പരന്നു. പൊലീസ് എത്തിയപ്പോഴേക്കും സംഘർഷം ഒഴിഞ്ഞിരുന്നുവെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
നിരവധി പേർക്ക് പരിക്കേറ്റു. അന്വേഷണം നടന്നുവരികയാണെന്ന് സർക്കിൾ ഓഫിസർ രാംവീർ സിങ് പറഞ്ഞു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കസേര കൊണ്ട് ആക്രമിക്കുന്ന രംഗങ്ങൾ വിഡിയോയിൽ കാണാം. സമാധാനപരമായി അവസാനിക്കേണ്ട കല്യാണം കുളമായതിന്റെ വിഷമത്തിലാണ് ദമ്പതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

