പാഠം ഉൾക്കൊള്ളാതെ സർക്കാറും വിമാനകമ്പനികളും; വിമാന ചക്രങ്ങൾ തേഞ്ഞു, റൺവേയിൽ അടയാള വരകളില്ല...
text_fieldsന്യൂഡൽഹി: അഹ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ. വിമാനത്താവളത്തിലെ റൺവേയുടെ അടയാളവരകൾ മങ്ങിയതായും വിമാനത്തിന്റെ ചക്രങ്ങൾ തേഞ്ഞതായും കണ്ടെത്തി. ചക്രങ്ങൾ തേഞ്ഞതിനാൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവിസ് നിർത്തിവെപ്പിച്ചു. വിമാനം, വിമാനത്താവളങ്ങൾ, വിമാന അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ടാണ് ന്യൂനതകൾ കണ്ടെത്തിയത്.
എന്നാൽ, തകരാർ കണ്ടെത്തിയ വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായും നിരീക്ഷണവും പരിശോധനയും തുടരുമെന്നും ഡി.ജി.സി.എ അറിയിച്ചു. ചില വിമാനങ്ങളുടെ അറ്റകുറ്റപ്പണി സമയത്ത് വർക്ക് ഓർഡർ പാലിച്ചിട്ടില്ലെന്നും സുരക്ഷ മുൻകരുതൽ എടുത്തിട്ടില്ലെന്നും കണ്ടെത്തി. വിമാനങ്ങളിലെ സീറ്റുകൾക്കടിയിൽ സുരക്ഷ ഉപകരണങ്ങൾ ശരിയായി ഉറപ്പിച്ചിട്ടില്ല.
ചില വിമാനത്താവളങ്ങൾക്ക് സമീപം നിരവധി പുതിയ നിർമാണങ്ങൾ നടന്നിട്ടും പരിശോധനയും നടത്തിയില്ല. ബാഗേജ് ട്രോളികൾപോലുള്ള ഗ്രൗണ്ട് ഹാൻഡ്ലിങ് ഉപകരണങ്ങൾ ഉപയോഗശൂന്യമായതായും കണ്ടെത്തി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ജോയന്റ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള രണ്ട് ടീമുകളാണ് രണ്ടാഴ്ച പരിശോധന നടത്തിയത്. വിമാന പ്രവർത്തനങ്ങൾ, റാമ്പ് സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി), ആശയവിനിമയ മാർഗങ്ങൾ, നാവിഗേഷൻ, നിരീക്ഷണ സംവിധാനങ്ങൾ (സി.എൻ.എസ്) തുടങ്ങിയ മേഖലകളിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

