പെൺകുട്ടിക്ക് തന്റെ പ്രവൃത്തികളെക്കുറിച്ച് 'ആവശ്യത്തിന് അറിവുണ്ടായിരുന്നു': പോക്സോ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി
text_fieldsമുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയ കേസിൽ 22 വയസ്സുള്ള യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.15 വയസുള്ള പെൺകുട്ടി യുവാവിനോടൊപ്പം ഒളിച്ചോടിപ്പോയതാണെന്നും അവരുടെ ശാരീരിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിക്ക് തന്റെ പ്രവർത്തികളുടെ അനന്തരഫലങ്ങൾ പൂർണമായി മനസ്സിലാക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ ബെഞ്ചാണ് യുവാവിന് ജാമ്യം അനുവദിച്ചത്. 2020 ഓഗസ്റ്റിലാണ് മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് 3 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. 2020 ഓഗസ്റ്റ് 8ന്15 വയസ്സുള്ള പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് തിരിച്ചെത്തിയില്ല. പ്രതിയായ പുരുഷനുമായി അവൾക്ക് ബന്ധമുണ്ടെന്ന് പിതാവ് സംശയിച്ചിരുന്നു. തുടർന്ന് യുവാവിന്റെ നവി മുംബൈയിലെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഫോണിൽ ബന്ധപെട്ടു. രണ്ട് ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നിന്നും യുവാവിനോടൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി പ്രകാരം, 2019 മുതൽ യുവാവിനെ തനിക്കറിയാമായിരുന്നു. അയാൾ അവളോടുള്ള തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചതായും അതിന് പെൺകുട്ടി അനുകൂലമായി പ്രതികരിച്ചിരുന്നതായും മൊഴിയിൽ പറയുന്നു. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് അവർ പതിവായി കണ്ടുമുട്ടാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
പെൺകുട്ടി യുവാവിനോടൊപ്പം പോകുന്നതിനുമുമ്പ് തന്നെ അവളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്ന് പിതാവ് ആരോപിച്ചു. എന്നാൽ കോവിഡ് ലോക്ഡൗൺ കാരണം യുവാവ് ഉത്തർപ്രദേശിലെ ഗ്രാമത്തിൽ ആയിരുന്നെന്നും പിന്നീട് മുംബൈയിലേക്ക് മടങ്ങിയെത്തിയാണ് പെൺകുട്ടിയെ കൂട്ടികൊണ്ട് പോയതെന്നും യുവാവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പിന്നീട് ഗ്രാമത്തിൽ എത്തിയശേഷമാണ് പെൺകുട്ടി ഗർഭണിയായത്.
സംഭവം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ അവളുടെ സമ്മതം പ്രസക്തമല്ലെന്ന് വാദിച്ചുകൊണ്ട് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രണയബന്ധത്തിൽ നിന്നും ഉടലെടുത്ത സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് അവർ തമ്മിലുണ്ടായിരുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഇതുവരെ വിചാരണ ആരംഭിക്കാത്ത കേസിൽ 4 വർഷത്തോളമായി യുവാവ് ജയിലിൽ കഴിയുന്നു. 'നീതി എല്ലാവർക്കും തുല്യമാണ്' യുവാവിന് ജാമ്യം നൽകുന്നതിനോ നിരസിക്കുന്നതിനോ കോടതിയെ തടയാൻ സാധിക്കില്ലന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

