തെക്കൻ കർണാടകയിൽ പോരാട്ടം കനക്കും
text_fieldsജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം)
ബംഗളൂരു: വൊക്കലിഗ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിൽ ഇത്തവണ പോരാട്ടം കനക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച ഏക സീറ്റായ ബംഗളൂരു റൂറലിലടക്കം മത്സരം കടുപ്പിച്ചാണ് ബി.ജെ.പി-ജെ.ഡി-എസ് സഖ്യം ഒരുങ്ങുന്നത്. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൈസൂരു മേഖലയിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസിന് അത് ലോക് സഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
കോൺഗ്രസ് ബംഗളൂരു റൂറൽ സീറ്റിൽ ഒതുങ്ങിയപോലെ ജെ.ഡി-എസിന് ഹാസൻ സീറ്റ് മാത്രമാണ് തുണയായത്. മണ്ഡ്യയിൽ ബി.ജെ.പി പിന്തുണയിൽ മത്സരിച്ചു ജയിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷിന് ഇത്തവണ മണ്ഡ്യ ലഭിക്കാനിടയില്ല. ബി.ജെ.പിയുമായി കൂട്ടുചേർന്ന ജെ.ഡി-എസിന് മണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകൾ എൻ.ഡി.എ അനുവദിച്ചേക്കും.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിന്നോട്ടുപോയ ജെ.ഡി-എസ് രണ്ടും കൽപിച്ചാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. പാർട്ടിയെതന്നെ പിളർത്തിയ ബി.ജെ.പി സഖ്യ തീരുമാനത്തിലൂടെ കർണാടകയിലെ നിലനിൽപ് മാത്രമാണ് ദേവഗൗഡയും മകൻ എച്ച്.ഡി. കുമാരസ്വാമിയും ലക്ഷ്യംവെക്കുന്നത്.
പഴയ മൈസൂരു മേഖലയിൽ കോൺഗ്രസിന് ലഭിച്ച മേൽക്കൈ ഇല്ലാതാക്കുകയാണ് ജെ.ഡി-എസുമായുള്ള സഖ്യത്തിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. ബി.ജെ.പിക്കും മേഖലയിൽ വോട്ട് ഷെയർ കൂടിവരുന്നു എന്നത് പ്രധാന കാര്യമാണ്. ജെ.ഡി-എസുമായുള്ള സഖ്യത്തിലൂടെ വൊക്കലിഗ വോട്ടുകൾ എൻ.ഡി.എയിൽ കേന്ദ്രീകരിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. സഖ്യം കൊണ്ട് പഴയ മൈസൂരു മേഖലയിൽ തങ്ങൾക്ക് ഇരുകൂട്ടർക്കും ഗുണമുണ്ടാവുമെന്നാണ് ബി.ജെ.പിയുടെയും ജെ.ഡി-എസിന്റെയും പ്രതീക്ഷ.
പഴയ മൈസൂരുവിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടാൽ അത് ഏറെ ക്ഷീണം ചെയ്യുക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനുമാണ്. ഇരുവരും ഈ മേഖലയിൽനിന്നുള്ളവരാണ് എന്നതുതന്നെ കാരണം.
രണ്ടു ഘട്ടങ്ങളിലായാണ് കർണാടകയിലെ ലോക് സഭ തെരഞ്ഞെടുപ്പ് അരങ്ങേറുക. ചാമരാജ് നഗർ, മൈസൂരു- കുടക്, മണ്ഡ്യ, ബംഗളൂരു റൂറൽ, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, കോലാർ, ചിക്കബല്ലാപുര, തുമകൂരു, ഹാസൻ, ചിത്രദുർഗ, ഉഡുപി- ചിക്കമകളൂരു, ദക്ഷിണ കന്നട മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ്. ഉത്തര കന്നട, ശിവമൊഗ്ഗ, ദാവൻകശര, ബെള്ളാരി, ഹാവേരി, ധാർവാഡ്, കൊപ്പാൽ, ബെളഗാവി, ചിക്കോടി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂർ, കലബുറഗി, ബിദർ മണ്ഡലങ്ങളിൽ മേയ് ഏഴിനും തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

