
'എന്‍റെ ശരീര ഭാഗങ്ങൾ വിറ്റ് വൈദ്യുതി കുടിശ്ശിക അടച്ചോളൂ'; പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വെച്ച് കർഷകൻ ആത്മഹത്യ ചെയ്തു
text_fieldsഭോപ്പാൽ: വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുകയാണെന്ന് കാണിച്ച് 35കാരനായ കർഷകൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഛത്തർപുർ ഗ്രാമത്തിലെ മുനേന്ദ്ര രജപുത് ആണ് മരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കുറിപ്പ് എഴുതി വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. തന്‍റെ ശരീര ഭാഗങ്ങൾ വിറ്റ് വൈദ്യുതി കുടിശ്ശിക തിരിച്ചടക്കാൻ മൃതദേഹം സർക്കാറിന് കൈമാറണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
'വൻകിട രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അഴിമതികൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല. അവർ വായ്പയെടുക്കുകയാണെങ്കിൽ തിരിച്ചടക്കാൻ മതിയായ സമയം ലഭിക്കും. അല്ലെങ്കിൽ വായ്പ എഴുതിത്തള്ളുന്നു.
എന്നാൽ, ഒരു ദരിദ്രൻ ചെറിയ തുക പോലും എടുക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് വായ്പ തിരിച്ചടക്കാൻ കഴിയാത്തതെന്ന് സർക്കാർ അദ്ദേഹത്തോട് ഒരിക്കൽ പോലും ചോദിക്കില്ല. പകരം അവനെ പരസ്യമായി അപമാനിക്കുന്നു' -മുനേന്ദ്ര രജപുത് ആത്മഹത്യ കുറിപ്പിൽ എഴുതി.
വൈദ്യുതി വിതരണ കമ്പനിയായ ഡിസ്കോം അധികൃതർ കുടിശ്ശികയുടെ പേരിൽ ഇദ്ദേഹത്തിന്‍റെ േഫ്ലാർ മില്ലും മോട്ടോർ സൈക്കിളും പിടിച്ചെടുത്തതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കോവിഡ് കാലത്ത് 87,000 രൂപ കുടിശ്ശിക വന്നതിനാണ് ഇവ പിടിച്ചെടുത്തത്.
ഇദ്ദേഹത്തിന്‍റെ വിള നശിച്ചതിനാലാണ് വൈദ്യുതി ബിൽ അടക്കാൻ കഴിയാതിരുന്നത്. തുടർന്ന് 87,000 രൂപ കുടിശ്ശികയായി ഡിസ്കോം നോട്ടീസ് അയക്കുകയായിരുന്നു. നോട്ടീസ് ലഭിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്‍റെ മില്ലും മോട്ടോർ സൈക്കിളും പിടിച്ചെടുത്തതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഇദ്ദേഹത്തിന് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
