ജൈന ആചാര്യന്റെ കഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ കണ്ടെത്തി
text_fieldsമംഗളൂരു: ചിക്കോടി ഹൊരെകോഡി നന്തി പർവത്തിലെ ജൈന ബസ്തിയിൽ നിന്ന് കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജയുടെ മൃതദേഹം ഉപയോഗമില്ലാത്ത കുഴൽ കിണറിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെ അറസ്റ്റ് ഞായറാഴ്ച പൊലീസ് രേഖപ്പെടുത്തി. നാരായണ ബസപ്പ മഡി(47), ഹസ്സൻ ദലയത്ത്(43) എന്നിവരാണ് അറസ്റ്റിലായത്.
കൃത്യം ചെയ്തത് തങ്ങളാണെന്ന് ഇരുവരും സമ്മതിച്ചതായി ചിക്കോടി പൊലീസ് പറഞ്ഞു.15 വർഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയെ ഈ മാസം അഞ്ച് മുതൽ കാണാനില്ലായിരുന്നു. തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ബസപ്പ മഡിയും ഹസ്സൻ ദലയത്തും കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മഹാരാജയെ അവസാനമായി കണ്ടതെന്നാണ് ആശ്രമം അന്തേവാസികൾ പൊലീസിനോട് പറഞ്ഞത്. സന്യാസിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബസ്തിയുടെ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കാണാതായത് സംബന്ധിച്ചും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ആചാര്യയുമായി നടത്തിയ വൻ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിവാകാനാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന് ലഭ്യമായ പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

