രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ഓടി തുടങ്ങും; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
text_fieldsഛത്തീസ്ഗഡ്: രാജ്യത്തെ ഗതാഗത രംഗത്ത് വലിയ മുന്നേറ്റം കുറിച്ച് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോണിപ്പത്ത് റൂട്ടിലായിരിക്കും ട്രെയിൻ സർവിസ് നടത്തുക. മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ട്രെയിനിൽ ഉപയോഗിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് ട്രെയിൻ വികസിപ്പിച്ചിരിക്കുന്നത്.
ജിന്ദ് മുതൽ സോണിപ്പത്ത് വരെ ഏകദേശം 90 കിലോമീറ്റർ ദൂരത്തിലാണ് ട്രെയിൻ സർവിസ് നടത്തുക. നിലവിലെ ഡീസൽ ട്രെയിനുകൾക്ക് 2 മണിക്കൂർ വേണ്ടിവരുന്ന ദൂരം ഹൈഡ്രജൻ ട്രെയിൻ 1 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും. യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ 5 രൂപ മുതൽ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 2,500 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം.
1,200 കിലോവാട്ട് ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ട്രെയിനിന്‍റെ കരുത്ത്. ഹൈഡ്രജനും ഓക്സിജനും ചേർന്നുള്ള രാസപ്രക്രിയയിലൂടെയാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ നിന്ന് നീരാവിയും ചൂടും മാത്രമേ പുറത്തുവിടുകയുള്ളൂ, കാർബൺ ബഹിർഗമനമില്ല. ഒറ്റ തവണ നിറച്ചാൽ ഏകദേശം 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ ട്രെയിനിന് സാധിക്കും.
സുരക്ഷക്കായി 27 ഹൈഡ്രജൻ സിലിണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ, ഫയർ ഡിറ്റക്ടറുകൾ, അത്യാധുനിക കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയും ഇതിലുണ്ട്. ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) രൂപകൽപ്പന ചെയ്ത ഈ ട്രെയിൻ നിർമിച്ചത് ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ്.
ഏകദേശം 89 കോടി രൂപ ചെലവിലാണ് ഈ ഹൈഡ്രജൻ ട്രെയിൻ നിർമിച്ചിരിക്കുന്നത്. ഈ പൈലറ്റ് പ്രോജക്റ്റ് വിജയിക്കുകയാണെങ്കിൽ, ഭാവിയിൽ കൂടുതൽ റൂട്ടുകളിൽ ഇത്തരം ട്രെയിനുകൾ കൊണ്ടുവരാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഇത് ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ധനച്ചെലവ് ലാഭിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

