‘രാജ്യത്തിന്റെ മക്കളെ സംരക്ഷിക്കാനാകുന്നില്ല, വിദേശ ശക്തികൾക്ക് വിധേയപ്പെട്ട പ്രധാനമന്ത്രി മൗനത്തിലാണ്’; രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യു.എസ് നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശ ശക്തികൾ ഇന്ത്യൻ പൗരന്മാരെ കൊലപ്പെടുത്തുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാത്തവിധം 'വിധേയപ്പെട്ട' പ്രധാനമന്ത്രിയായി മോദി മാറിയെന്ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സ്വന്തം രാജ്യത്തിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയാത്ത, കൊലപാതകം നടത്തിയവർക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"നമ്മുടെ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം നടക്കാൻ പോകുന്ന ജി-7 ഉച്ചകോടിയിൽ മോദിജി പുഞ്ചിരിക്കുകയും വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുകയും കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. എന്നാൽ കൊല്ലപ്പെട്ട ആ മൂന്ന് ഇന്ത്യക്കാർക്ക് വേണ്ടി സംസാരിക്കാൻ ഒരു വാക്ക് പോലും അദ്ദേഹത്തിനുണ്ടാകില്ല." രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ "അവിവേകപൂർണമായ സൈനിക നടപടിയെ" കോൺഗ്രസ് പാർട്ടിയും ശക്തമായി അപലപിച്ചു. നാവികരുടെ മരണത്തിൽ യു.എസിന്റെ ഉത്തരവാദിത്തം നിശ്ചയിക്കാൻ സർക്കാർ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തനിക്കുള്ള വ്യക്തിപരമായ സൗഹൃദം വലിയ നയതന്ത്ര നേട്ടമായി മോദി എപ്പോഴും ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ, ആ സൗഹൃദത്തിന് ഇന്ത്യൻ പൗരന്മാരുടെ ജീവനും താൽപര്യങ്ങൾക്കും സംരക്ഷണം നൽകാൻ കഴിയാതെ വരുമ്പോൾ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും കോൺഗ്രസ് നേതൃത്വം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ ക്രൂ അംഗങ്ങളുള്ള മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. കപ്പലിലുണ്ടായിരുന്ന ഡെക്ക് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചതെന്ന് ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ യു.എസ് ഭരണകൂടത്തെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

