രാജ്യം ജാഗ്രതയിൽ; 18 വിമാനത്താവളങ്ങള്‍ അടച്ചു, 200ലധികം വിമാനങ്ങൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: പാകിസ്താൻ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. പാക് പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെ 18 വിമാനത്താവളങ്ങള്‍ അടച്ചു. 200ലധികം വിമാനങ്ങൾ റദ്ദാക്കി.
ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ജോധ്പൂർ, ഭുജ് (ബി.എച്ച്.ജെ), ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഉത്തരേന്ത്യയിൽനിന്നും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാനസർവിസുകളും റദ്ദാക്കി. ജാംനഗർ, ചണ്ഡിഗഡ്, ഡൽഹി, ഭുജ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകളും റദ്ദാക്കി. ഗുജറാത്തിലെ കച്ചിലുള്ള വ്യോമസേന ബേസ് കൂടിയായ ഭുജ് വിമാനത്താവളവും രാജ്കോട്ട് വിമാനത്താവളവും മേയ് 10 വരെയാണ് അടച്ചത്.
മേയ് 10 വരെ ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ അമൃത്സർ, ശ്രീനഗർ എന്നിവയുൾപ്പെടെ വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽനിന്നുള്ള 165 ലധികം വിമാന സർവിസുകൾ റദ്ദാക്കിയതായി ഇൻഡിഗോയും ബുധനാഴ്ച അറിയിച്ചു. യാത്രക്കാർക്ക് റീഷെഡ്യൂളിങ് ഇളവുകളും മുഴുവൻ റീഫണ്ടും എയർലൈൻ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
എയർലൈനിൽനിന്നുള്ള സന്ദേശങ്ങൾ ശ്രദ്ധിക്കാനും എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പ് വിവരങ്ങൾ അന്വേഷിച്ച് ഉറപ്പിക്കാനും വിമാനകമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർവിസുകൾക്ക് തടസ്സം നേരിടുമെന്ന് പൈസ് ജെറ്റടക്കമുള്ള വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. പാകിസ്താൻ വ്യോമപാതയിലൂടെ സഞ്ചരിക്കേണ്ട 52ഓളം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കനത്ത സുരക്ഷയിൽ തലസ്ഥാനം
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി അധികൃതർ. ഡൽഹി പൊലീസ് പൂർണ ജാഗ്രതയിലാണെന്നും ആരെയും ക്രമസമാധാനം ലംഘിക്കാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സമൂഹ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. ന്യൂഡൽഹി, സെൻട്രൽ ഡൽഹി, വടക്കൻ ഡൽഹി, തെക്കൻ ഡൽഹി, തെക്കൻ ഡൽഹിയിലെ കന്റോൺമെന്റ് ഏരിയ, ഐ.ജി.ഐ വിമാനത്താവളം തുടങ്ങി പ്രധാന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷസേനയെ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
ന്യൂഡൽഹി: സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ പാകിസ്താൻ, നേപ്പാൾ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡി.ജി.പി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.
അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്. അതിർത്തി സുരക്ഷാ സേന ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി, ജമ്മു- കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുമായും അമിത് ഷാ ആശയവിനിമയം നടത്തി. ഇന്ത്യക്കും ഇന്ത്യക്കാർക്കുമെതിരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. പഹൽഗാമിൽ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്റെ മറുപടിയാണ് ഓപറേഷൻ സിന്ദൂർ.
പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഷായുടെ പരാമർശം. ഇന്ത്യക്കും അവിടത്തെ ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഭീകരതയെ അതിന്റെ വേരുകളിൽനിന്ന് ഉന്മൂലനം ചെയ്യാൻ ഭാരതം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

