രാജ്യസ്നേഹി, കായികതാരം; നമൻഷ് ശ്യാലിന്റെ ഓർമയിൽ നാട്
text_fieldsധരംശാല: ദുബൈ എയർഷോക്കിടെ തേജസ് വിമാനം തകർന്ന് മരിച്ച വ്യോമസേന വിങ് കമാൻഡർ നമൻഷ് ശ്യാലിന്റെ ഓർമയിൽ ഹിമാചൽപ്രദേശ് കാൻഗ്രയിലെ പാട്യാൽകർ ഗ്രാമം. മികച്ച കായികതാരം കൂടിയ നമൻഷ് രാജ്യത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിച്ച ധീരനാണെന്നും അദ്ദേഹത്തെയോർത്ത് അഭിമാനിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. മെഗാ എയർ ഷോക്കിടയിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി വിമാനം വഴിതിരിച്ചുവിട്ടാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
മരണംവരെ തന്റെ കർത്തവ്യങ്ങൾ അദ്ദേഹം ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്നും നാട്ടുകാർ അനുസ്മരിച്ചു. ദുബൈയിലെ അൽ മക്തൂം വിമാനത്താവളത്തിൽ വ്യോമപ്രദർശനത്തിനിടെ തേജസ്സ് യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിലാണ് പൈലറ്റായ നമൻഷ് ശ്യാൽ മരിച്ചത്. നമൻഷിന്റെ മരണവിവരം അറിഞ്ഞതോടെ ഹൃദയഭേദക രംഗങ്ങൾക്കാണ് നഗ്രോട്ട ബാഗ്‌വാൻ പ്രദേശത്തെ സിയാൽ വീട് സാക്ഷിയായത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും നമൻഷിന് അന്ത്യാഞ്ജലി അർപ്പിക്കാനുമായി നിരവധിപേരാണ് വീട്ടിലേക്ക് എത്തിച്ചേർന്നത്. മാതാപിതാക്കളും ഭാര്യയും ആറുവയസ്സുകാരി മകളും അടങ്ങുന്നതാണ് നമൻഷിന്റെ കുടുംബം. വ്യോമസേന ഉദ്യോഗസ്ഥയാണ് ഭാര്യ. പത്താൻകോട്ടിൽ ആദ്യ പോസ്റ്റിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് 2014ൽ ഇരുവരും വിവാഹിതരായി.
ഹാമിർപൂർ ജില്ലയിലെ സുജൻപൂർ തിറയിലുള്ള സൈനിക് സ്കൂളിലായിരുന്നു നമൻഷിന്റെ വിദ്യാഭ്യാസം. നമൻഷിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ ശനിയാഴ്ച സ്കൂളിൽ പ്രത്യേക പ്രാർഥനയോഗം നടത്തുകയും പൂർവവിദ്യാർഥിക്ക് ആദരം അർപ്പിക്കുകയും ചെയ്തു. നമൻഷിന്റെ മൃതദേഹം ഞായറാഴ്ച കാൻഗ്രയിലെ ഗഗ്ഗൽ വിമാനത്താവളത്തിലെത്തിക്കുമെന്നും സംസ്കാരചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും നമൻഷിന്റെ അമ്മാവൻ ജോഗീന്ദൻനാദ് സിയാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

