രാഷ്ട്രപതി റഫറൻസിൽ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടരുന്നു; സമയപരിധി സാധ്യമല്ലെന്ന്
text_fieldsന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ഭരണഘടന അനുച്ഛേദം 200, 201 എന്നിവ അനുസരിച്ച് ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതി റഫറൻസിൽ വാദം കേൾക്കുന്നതിനിടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഭൂരിഭാഗം അംഗങ്ങളും വാക്കാൽ പറഞ്ഞു.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ കേസുകളിൽ കാലതാമസം ഉണ്ടെങ്കിൽ കക്ഷികൾക്ക് കോടതിയെ സമീപിക്കാം. ആ കേസുകളിൽ സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാം. എന്നിരുന്നാലും, ഗവർണറുടെയും രാഷ്ട്രപതിയുടെയും നടപടികൾക്ക് കോടതി ഒരു പൊതു സമയക്രമം നിശ്ചയിക്കാനാവില്ല. അങ്ങനെ നിശ്ചയിക്കുന്നത് കോടതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് തുല്യമാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാൻ സാധിക്കുമോ എന്നതുൾപ്പെടെ 14 ചോദ്യങ്ങൾ ഉന്നയിച്ചുള്ള രാഷ്ട്രപതി റഫൻറസിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വാദം കേൾക്കൽ ആറ് ദിവസം പൂർത്തിയായി. ബില്ലിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ആർട്ടിക്കിൾ 200 , 201 പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ സമയപരിധി വ്യക്തമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.
സമയപരിധി നിശ്ചയിച്ച രണ്ട് അംഗ ബെഞ്ചിന്റെ ഉത്തരവുള്ള സാഹചര്യത്തിൽ ഗവർണറോ രാഷ്ട്രപതിയെ ബില്ലിൽ തീരുമാനം എടുത്തില്ലെങ്കിൽ ഗവർണറെയോ രാഷ്ട്രപതിയെയോ കോടതിയലക്ഷ്യത്തിലേക്ക് വലിച്ചിഴക്കാനാകുമോയെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് വിക്രമം നാഥ് എന്നിവർ ചോദിച്ചു. റഫറൻസിനെ എതിർത്ത് ഹരജി നൽകിയ തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാറിന്റെ ഹരജികളലായിരുന്നു ചൊവ്വാഴ്ച കോടതി വാദം കേട്ടത്.
ഗവർണർക്ക് ബിൽ നിരസിക്കാനോ തടഞ്ഞുവെക്കാനോ തിരിച്ചയക്കാനോ കഴിയില്ലെന്നും നിയമസഭയുടെ ഇച്ഛാശക്തിയെ മറികടക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്നും ബംഗാളിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. അയോഗ്യത ഹരജികളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ തെലുങ്കാന സ്പീക്കറോട് നിർദേശിച്ച ചീഫ് ജസ്റ്റീസ് ഗവായിയുടെ മുൻ ഉത്തരവ് വാദത്തിനിടയിൽ കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലെയും സ്പീക്കർമാരോട് തീരുമാനം എടുക്കാനല്ല കോടതി നിർദേശിച്ചതെന്നും ഇത്തരം സാഹചര്യത്തിൽ കേസിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനാണ് നിർദേശിക്കുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

