പാകിസ്താനിലെ സാധാരണ ജനങ്ങൾ ഇന്ത്യയുടെ ശത്രുക്കളല്ലെന്ന് ശരത് പവാർ
text_fieldsമുംബൈ: പാകിസ്താനിലെ സാധാരണ ജനങ്ങൾ ഇന്ത്യയുടെ ശത്രുക്കളല്ലെന്ന് എൻ.സി.പി പ്രസിഡന്റ് ശരത് പവാർ. സൈന്യത്തിന്റെ സഹായത്തോടെ അധികാരം പിടിക്കാൻ നിൽക്കുന്നവരാണ് ഇരു രാജ്യങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ശരത് പവാർ പറഞ്ഞു. പേരെടുത്ത് പറയാതെ ഇംറാൻ ഖാനെക്കുറിച്ചും ശരത് പവാർ പ്രസ്താവന നടത്തി.
ഒരു യുവാവ് പാകിസ്താനിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാനും രാജ്യത്തിന് വഴികാണിച്ചുകൊടുക്കാനും ശ്രമിച്ചു. എന്നാൽ, അയാളെ അധികാരത്തിൽ നിന്നും പുറത്താക്കിയെന്നായിരുന്നു ഇംറാൻ ഖാനെ സംബന്ധിച്ച ശരത് പവാറിന്റെ പ്രസ്താവന.
പാകിസ്താനിലെ ഏത് സ്ഥലത്ത് പോവുകയാണെങ്കിലും നല്ല സ്വീകരണമാണ് ഇന്ത്യക്കാർക്ക് ലഭിക്കുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ഒരിക്കൽ കറാച്ചിയിൽ പോയിരുന്നു. മത്സരശേഷം പാകിസ്താനിലെ സ്ഥലങ്ങൾ കാണണമെന്ന് ടീമംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു.
തുടർന്ന് ടീമംഗങ്ങളുമൊത്ത് റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം അതിന്റെ ബിൽ വാങ്ങാൻ ഹോട്ടലുടമ തയാറായില്ല. നിങ്ങൾ ഞങ്ങളുടെ അതിഥികളാണ് ബില്ല് വാങ്ങില്ലെന്നായിരുന്നു ഹോട്ടലുടമയുടെ നിലപാട്. പാകിസ്താനിലെ സാധാരണ ജനങ്ങൾക്ക് ഇന്ത്യയുമായി ശത്രുതയില്ലെന്ന് ശരത് പവാർ പറഞ്ഞു.
ആഗോള രാഷ്ട്രീയം കലങ്ങി മറിയുകയാണെന്നും പവാർ മുന്നറിയിപ്പ് നൽകി. വലിയ രാജ്യമായ റഷ്യ ചെറിയ രാജ്യമായ യുക്രെയ്നിനെ ആക്രമിക്കുകയാണ്. ശ്രീലങ്കയിലും പ്രതിസന്ധി രൂക്ഷമാകുന്നു. അവിടെ പ്രധാനമന്ത്രിക്ക് അധികാരം നഷ്ടമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

