ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോൾ വകഭേദങ്ങളെ എക്സൈസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
22 ശതമാനം, 25 ശതമാനം, 27 ശതമാനം, 30 ശതമാനം എന്നിങ്ങനെ ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ ഇന്ധന മിശ്രിതങ്ങൾക്കാണ് ഈ നികുതിയിളവ് ബാധകമാകുക. കഴിഞ്ഞ മാസത്തിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് ഏകദേശം 7.50 രൂപയുടെ വർധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ധനങ്ങൾക്ക് എക്സൈസ് തീരുവ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
30 ശതമാനം വരെയുള്ള എഥനോൾ മിശ്രിത പെട്രോളിന്റെ മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയതോടെ, ഇത്തരം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ വിപണിയിൽ കൂടുതൽ സജീവമാകും. വിജ്ഞാപന പ്രകാരം 1944-ലെ സെൻട്രൽ എക്സൈസ് നിയമം, 2018-ലെ ധനകാര്യ നിയമം എന്നിവ പ്രകാരമുള്ള അധിക എക്സൈസ് തീരുവകളും പ്രത്യേക എക്സൈസ് തീരുവകളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, 2021-ലെ നിയമപ്രകാരമുള്ള കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ് (AIDC) ഇതിൽ ഉൾപ്പെടില്ല.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, 22% എഥനോൾ അടങ്ങിയ ഇന്ധനത്തിൽ 78 ശതമാനവും, 30% എഥനോൾ അടങ്ങിയ ഇന്ധനത്തിൽ 70 ശതമാനവും മോട്ടോർ സ്പിരിറ്റായിരിക്കും ഉണ്ടാകുക. ഇവയ്ക്ക് ആവശ്യമായ കേന്ദ്ര-സംസ്ഥാന നികുതികൾ കൃത്യമായി ഈടാക്കിയ ശേഷമായിരിക്കും വിപണിയിലെത്തിക്കുക.
ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയ E85 ഇന്ധനം ഈ രംഗത്തെ സർക്കാറിന്റെ ചുവടുവെപ്പായിരുന്നു. പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ എഥനോൾ മിശ്രിതത്തിന്റെ തോത് വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
