ഗൾഫിൽ സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയ നയം രൂപവത്കരിച്ചെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള പ്രൈവറ്റ് വിദ്യാർഥിയുടെ ഹരജി തീർപ്പാക്കി സുപ്രീംകോടതി. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപവത്കരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ച സാഹചര്യത്തിലാണ് ഹരജി തീർപ്പാക്കിയത്.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്‍റെ 40 ശതമാനവും, പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്‍റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ റദ്ദാക്കിയ പരീക്ഷയുടെ മാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാര്‍ഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹരജിക്കാരനായ വിദ്യാര്‍ഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇ-മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. സൗദി അറേബ്യയിലെ അൽ ജുബൈലിലുള്ള പ്രാൻസ് ജിഗർകുമാർ പട്ടേൽ എന്ന വിദ്യാർഥിയാണ് സി.ബി.എസ്.ഇക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിക്കാരന്‍റെ ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകൾ നടന്നെങ്കിലും മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് പരീക്ഷകൾ റദ്ദാക്കപ്പെട്ടു. പരീക്ഷ മുടങ്ങിയ പേപ്പറുകളിലാണ് പുതിയ നയം അനുസരിച്ച് മാർക്ക് നിർണയിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

