ഹിമാചൽ പ്രദേശ് വിമത എം.എൽ.എമാരുടെ കേസ് ചൊവ്വാഴ്ച സുപ്രീം കോടതിയിൽ
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ആറ് വിമത കോൺഗ്രസ് എം.എൽ.എമാരുടെ ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ഹിമാചൽ പ്രദേശിൽ അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത എം.എൽ.എമാർ തങ്ങളുടെ അയോഗ്യതയെ ചൊല്ലി സ്പീക്കറെ വെല്ലുവിളിച്ചിരുന്നു. വിപ്പ് ലംഘിച്ചതിനെ തുടർന്ന് ഫെബ്രുവരി 29ന് സ്പീക്കർ കുൽദീപ് സിംഗ് പതാനിയ ഇവരെ അയോഗ്യരാക്കിയിരുന്നു. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരായ എം.എൽ.എമാർ.
ഇവരുടെ അയോഗ്യതയെത്തുടർന്ന് ഹിമാചൽ പ്രദേശ് നിയമസഭയുടെ അംഗബലം 68ൽ നിന്ന് 62 ആയി കുറഞ്ഞപ്പോൾ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 40 ൽ നിന്ന് 34 ആയി ചുരുങ്ങി. അയോഗ്യത ഹരജിയിൽ പ്രതികരിക്കാൻ മതിയായ അവസരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എം.എൽ.എമാർ ഹരജി സമർപ്പിച്ചത്.
ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിമതർ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ക്രോസ് വോട്ടിംഗിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
ഫെബ്രുവരി 29നാണ് ആറ് എം.എൽ.എമാരെ അയോഗ്യരാക്കിയതായി സ്പീക്കർ പ്രഖ്യാപിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഹിമാചൽ പ്രദേശിൽ ഇതാദ്യമായാണ് എം.എൽ.എമാർ അയോഗ്യരാകുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും അംഗം സ്വമേധയാ ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗത്വം ഉപേക്ഷിക്കുകയോ, അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടി പുറപ്പെടുവിച്ച ഏതെങ്കിലും നിർദ്ദേശത്തിന് വിരുദ്ധമായി സഭയിൽ വോട്ട് ചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ, അയോഗ്യതയ്ക്ക് ബാധ്യസ്ഥനാണ്.
വിമത എം.എൽ.എമാർ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടിരുന്നുവെങ്കിലും ബജറ്റിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെന്ന് സ്പീക്കർ പറഞ്ഞു. വാട്‌സ്ആപ്പ്, ഇ-മെയിൽ എന്നിവയിലൂടെ വിപ്പ് ലംഘിച്ചതിന് ഇവർക്ക് നോട്ടീസ് നൽകുകയും ഹിയറിംഗിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. പാർലമെന്‍ററി കാര്യ മന്ത്രിയാണ് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്. വിമത കോൺഗ്രസ് എം.എൽ.എമാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സത്യപാൽ ജെയിൻ, കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയതെന്നും ഹരജിയുടെയോ അനുബന്ധരേഖയുടെയോ പകർപ്പില്ലെന്നും വാദിച്ചു. നോട്ടീസിന് മറുപടി നൽകാൻ ഏഴ് ദിവസം അനുവദിച്ചിരുന്നെങ്കിലും സമയം നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

