കാർ ഗതാഗതക്കുരുക്കിൽ; ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ഓടിയത് മൂന്ന് കിലോമീറ്റർ
text_fieldsബംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഡോക്ടർ അടിയന്തര ശസ്ത്രക്രിയ നടത്താൻ കാറിൽനിന്ന് ഇറങ്ങിയോടിയത് മൂന്ന് കിലോമീറ്റർ. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോൽപിച്ചത്.
''പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്ന സ്ത്രീക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. രാവിലെ 10ന് കാർ സർജാപുര–മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്കിലകപ്പെട്ടു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാൽ, ഇഴഞ്ഞിഴഞ്ഞ് ഇത്രയും ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലായതോടെ വാഹനം ഡ്രൈവറോട് എത്തിക്കാൻ പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ല. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകും'', ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
ശസ്ത്രക്രിയക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. റോഡിലെ കുഴികൾക്ക് പുറമെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും വെള്ളക്കെട്ടും ചെളിയും കാരണം ബംഗളൂരുവിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

