ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്- കേന്ദ്ര ബജറ്റിനെ പരിഹസിച്ച് തരൂർ
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. 'ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്നു പറയുന്ന മെക്കാനിക്കിനെയാണ് ബി.ജെ.പി സർക്കാർ ഓർമിപ്പിക്കുന്നതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ഭീരുവാവുകയാണ് ധനമന്ത്രി ചെയ്യതെന്ന് ആനന്ദ് ശർമ പറഞ്ഞു. കരുത്തുറ്റ ഒരു ബജറ്റ് ആയിരുന്നു രാജ്യത്തിനു വേണ്ടത്. ദുർബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തിൽ വേണമായിരുന്നു പ്രഖ്യാപനങ്ങളെന്ന് ആനന്ദ് ശർമ പറഞ്ഞു. തെറ്റായ രോഗനിർണയവും തെറ്റായ ചികിത്സയുമാണ് ബജറ്റിൽ ഉള്ളതെന്ന് കോൺഗ്രസ് വക്താവ് ജയവീർ ഷെർഗിൽ ട്വീറ്റ് ചെയ്തു.
കേരളത്തില്‍ നിന്നുള്ള മറ്റ് എം.പിമാരും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൊത്തത്തിൽ തൂക്കിവിൽക്കുന്ന പദ്ധതികളാണ് ബജറ്റിലുള്ളതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

