സിന്ധു നദീതട സംസ്കാരത്തിന്റെ അതിർത്തികൾ മരുഭൂമിയിലേക്ക് നീളുന്നു; ജയ്സാൽമറിൽ പുതിയ ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി
text_fieldsindusvalley
ജയ്പൂർ: മരുഭൂപ്രദേശമായ രാജസ്ഥാനിലെ ജയ്സാൽമറിനടുത്ത് പുതിയ സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി. ജയ്സാൽമർ ജില്ലയിലെ രതദിയ റി ധേരിയിലാണ് ചരിത്രഗവേഷകർ പുതിയ ചരിത്രസത്യങ്ങളിലേക്ക് വഴിതെളിക്കാവുന്ന അവശേഷിപ്പുകൾ കണ്ടെത്തിയത്. രാജസ്ഥാൻ മരുഭൂമിയിലെ ആദ്യത്തെ സിന്ധുനദീതട സെറ്റിൽമെന്റ് ആണ് ഇതെന്നാണ് വിദഗ്ധാഭിപ്രായം.
രാജസ്ഥാനിലെ രാംഗാർ ടെഹ്സിലിനും പാകിസ്ഥാനിലെ ഷഡേവാലയ്ക്കും ഇടയിലുള്ള സ്ഥലമാണ് രതദിയ റി ധേരി. പാകിസ്ഥാനിൽ നിന്ന് കേവലം17 കിലോമീറ്റർ മാത്രം അകലെ.
വടക്കൻ ഗുജറാത്തിലെയും രാജസ്ഥാനിലെയും സൈറ്റുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ ചരിത്ര ഗവേഷണങ്ങളിലേക്കാണ് ഇത് വഴിതെളിക്കുന്നത്. ഇതുവരെയും വടക്കൻ രാജസ്ഥാനിലെ പിലിബംഗ ആയിരുന്നു സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹാരപ്പൻ സൈറ്റ്. 20ാം നൂറ്റാണ്ടിന്റെ ആദ്യം ഇറ്റാലിയൻ പുരാവസ്തു ഗവേഷകനായ ലൂഗി പിസോ ടെസ്സിറ്റോറി ആണ് ഇത് കണ്ടെത്തുന്നത്. 1960 ലാണ് ഇവിടെ ഉദ്ഘനനം നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശം നിലനിൽക്കുന്ന രാജസ്ഥാനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഹാരപ്പൻ സംസ്കാരം നീണ്ടുകിടന്നു എന്ന പുതിയ ചരിത്രസത്യമാണ് ഇപ്പോൾ വെളിവാകുന്നത്.
ചരിത്രവിഭാഗം പ്രൊഫസറായ ദിലീപ് കുമാർ സായിനിയും ചരിത്ര കുതുകിയായ പാർത്ത്ജഗാനിയും ചേർന്നാണ് പുതിയ ചരിത്രശേഷിപ്പുകൾ കണ്ടെത്തുന്നത്. രാജസ്ഥാൻ യൂനിവേഴ്സിറ്റിയിലെയും ഉദ്‍യ്പൂർ വിദ്യാപീഠത്തിലെയും പ്രമുഖർ ഇവരുടെ കണ്ടെത്തലിന് അംഗീകാരം നൽകിയിട്ടുണ്ട്.
അന്നത്തെ കളിമൺ ശേഷിപ്പുകളുടെ ഒരു വൻ ശേഖരം തന്നെയാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. കുടങ്ങൾ, മൺപാത്രങ്ങൾ, ടെറാക്കോട്ടയിലെ പല നിർമാണങ്ങളുടെയും അവശേഷിപ്പുകൾ, കല്ലുകൊണ്ടുള്ള ആയുധങ്ങൾ, വൃത്താകൃതിയിലുള്ള ചൂളകളിൽ ഉപയോഗിക്കുന്ന ഇഷ്ടികകളുടെ ശേഷിപ്പുകൾ തുടങ്ങിയവ. ഇത്തരം ചൂളകളുടെ അവശേഷിപ്പുകൾ ഗുജറാത്തിലെ കാൻമറിലും മോഹൻ ജൊദാരോവിലും കണ്ടെത്തിയിട്ടുണ്ട്.
ഇത് സിന്ധ്-ഹാരപ്പൻ സംസ്കാര ശൃംഖലയുടെ ഭാഗമാണെന്ന് രാജസ്ഥാൻ വിദ്യാപീഠത്തിലെ പ്രൊഫ. ജീവൻ സിങ് ഖർക്‍വാൾ പറയുന്നു. ഹാരപ്പൻ പോട്ടറിയുടെ ഭാഗം തന്നെയാണ് ഇതെന്നും അദ്ദേഹം സമർത്ഥിക്കുന്നു. പാകിസ്ഥാനിലെ റോറിയിൽ നിന്ന് ഇവിടേക്ക് ആളുകൾ എത്തിയിരുന്നു എന്നതിന്റെ സൂചനയും ഇവിടത്തെ കണ്ടുപിടിത്തത്തിൽ നിന്ന് ലഭിക്കുന്നതായി മറ്റ് വിദഗ്ധർ വിലയിരുത്തുന്നു.
ബി.സി.ഇ 2600 മുതൽ 1900 വരെയുള്ള കാലഘട്ടത്തിലെ കൂടുതൽ നാഗരികത നിലനിന്ന കാലത്തുള്ളവയാണ് ഈ ശേഷിപ്പുകളെന്ന് ഗവേഷകർ കണക്കാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

