യു.പി ബിജ്നോറിൽ ഓടുന്ന ട്രെയിനിന്‍റെ ബോഗികൾ വേർപ്പെട്ടു; ഒഴിവായത് വൻ അപകടം
text_fieldsലഖ്നോ: ഫിറോസ്പൂരിൽ നിന്ന് ധൻബാദിലേക്ക് പോകുകയായിരുന്ന കിസാൻ എക്‌സ്പ്രസിന്‍റെ ബോഗികൾ വേർപ്പെട്ടു. 22 കോച്ചുകളിൽ 13 എണ്ണമാണ് വേർപ്പെട്ടത്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. പുലർച്ചെ നാല് മണിയോടെ ബിജ്‌നോറിലെ ചക്രജ്‌മാലിന് സമീപം നടന്ന സംഭവത്തിൽ ഒഴിവായത് വൻ അപകടം.
എഞ്ചിനും എട്ട് കോച്ചുകളും സിയോഹാര റെയിൽവേ സ്റ്റേഷനിലും ഗാർഡ് കമ്പാർട്ട്മെൻ്റ് ഉൾപ്പെടെ 13 കോച്ചുകൾ ചക്രജ്മാലിന് സമീപവുമാണ് വേർപ്പെട്ടത്. ഈ കോച്ചുകളിൽ പൊലീസ് റിക്രൂട്ട്‌മെൻ്റ് ഉദ്യോഗാർഥികളടക്കം നൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ആളപായമില്ല. ഗാർഡ് ഉടൻ തന്നെ ലോക്കോപൈലറ്റിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഉദ്യോഗാർഥികളെ ബറേലിയിലേക്ക് അയക്കാൻ നാല് ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
സാങ്കേതിക തകരാർ മൂലമാണ് അപകടമുണ്ടായതെന്നും ട്രെയിനിന്‍റെ ഇരുഭാഗങ്ങളും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൽപസമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയ ശേഷം ട്രെയിൻ യാത്ര തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറോളമാണ് തടസ്സം നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

